ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഗോവ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താനാഗ്രഹിക്കുന്ന ഏത് പാര്‍ട്ടിയുടെയും പിന്തുണ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയാറാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം.
മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായും കോണ്‍ഗ്രസുമായും സംഖ്യത്തിന് തയ്യാറെടുത്തിട്ടുണ്ടെന്ന തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഗോവ ചുമതലയുള്ള മഹുവ മൊയ്ത്ര അഭിപ്രായപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ചിദംബരത്തിന്റെ പ്രസ്താവന.
സഖ്യത്തെക്കുറിച്ചുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രസ്താവന ഞാന്‍ ഇന്ന് പത്രത്തില്‍ വായിച്ചു, ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കാമെന്നും ചിദംബരം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബി.ജെ.പിയെ ഒറ്റയ്ക്ക് പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിയും. എന്നാല്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ഏതെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഞാന്‍ എന്തിന് വേണ്ടെന്ന് പറയണമെന്നും ചിദംബരം ചോദിച്ചു.
അടുത്ത മാസം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായി കോണ്‍ഗ്രസും മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുമായി തൃണമൂലും സഖ്യമുണ്ടാക്കിയിട്ടുണ്ട്. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് സാധ്യമായതെല്ലാം ചെയ്യുമെന്ന് മൊയ്ത്ര ട്വീറ്റ് ചെയ്യുകയും ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയെയും കോണ്‍ഗ്രസിനെയും ടാഗ് ചെയ്യുകയും ചെയ്തിരുന്നു.