പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തല്‍; കേന്ദ്രത്തിനു പിന്തുണയുമായി ചിദംബരം

ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. നിയമം 2023ല്‍ നടപ്പാക്കിയാല്‍ മതിയെന്നും ആദ്യം ഇതേക്കുറിച്ച് ബോധവത്കരണം നടത്തണമെന്നും ചിദംബരം അഭിപ്രായപ്പെട്ടു.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിവാഹപ്രായം 21 ആയിരിക്കണമെന്നാണ് എന്റെ അഭിപ്രായം. എന്നാല്‍, നിയമം 2023ലോ അതിന് ശേഷമോ പ്രാബല്യത്തില്‍ വന്നാല്‍ മതി. ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ 21 വയസ്സ് തികഞ്ഞതിന് ശേഷം മാത്രം വിവാഹം കഴിക്കുന്നതിന്റെ നേട്ടങ്ങളെക്കുറിച്ചുള്ള ബോധവത്കരണത്തിനായി 2022ല്‍ നടത്തണം -അദ്ദേഹം ട്വീറ്റുകളില്‍ വ്യക്തമാക്കി.

വിവാഹ പ്രായം ഉയര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇതിനിടയിലാണ് പി. ചിദംബരത്തിന്റെ അഭിപ്രായം വന്നിരിക്കുന്നത്. വിവാഹപ്രായം ഉയര്‍ത്താനുള്ള തീരുമാനത്തിന് പിന്നില്‍ കേന്ദ്ര സര്‍ക്കാറിന് ഗൂഢലക്ഷ്യമുണ്ടെന്നാണ് കഴിഞ്ഞ ദിവസം എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞിരുന്നത്. വിഷയത്തില്‍ പാര്‍ട്ടി ആലോചിച്ച് നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Top