P J Kurien- thiruvalla assembly controversies over

തിരുവല്ല: നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവല്ല മണ്ഡലത്തില്‍ കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസഫ് എം.പുതുശേരിയെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാദ്ധ്യക്ഷനുമായ പി. ജെ. കുര്യന്‍ നടത്തി വന്ന എതിര്‍പ്പ് അവസാനിച്ചു.

തിരുവല്ല മണ്ഡലത്തില്‍ കഴിഞ്ഞ തവണ മത്സരിച്ച കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റായ വിക്ടറിനെ ജോസഫ് എം. പുതുശേരി കാലുവാരി തോല്‍പ്പിച്ചുവെന്നായിരുന്നു ഉയര്‍ന്ന ആരോപണം. ഇത്തരമൊരു ആരോപണം കേട്ടയാളെ ഇത്തവണ മത്സരിപ്പിക്കരുതെന്നായിരുന്നു കുര്യന്റെ ആവശ്യം.

എന്നാല്‍, കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണിയുമായി കുര്യന്‍ ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയിലാണ് മഞ്ഞുരുകാന്‍ സാഹചര്യമൊരുങ്ങിയത്. പുതുശേരിയെ സ്ഥാനാര്‍ത്ഥി ആക്കുന്നത് സംബന്ധിച്ച് തനിക്കുള്ള അഭിപ്രായമാണ് പ്രകടിപ്പിച്ചതെന്ന് കുര്യന്‍ പറഞ്ഞു. എന്നാല്‍ അത് എതിര്‍പ്പായിരുന്നില്ല. മാണിയുടെ വിശദീകരണത്തെ തുടര്‍ന്ന് അഭിപ്രായം താന്‍ മാറ്റിയെന്നും കുര്യന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മാണിയുടെ വിശദീകരണം തൃപ്തികരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിരുന്നുവെന്നും അതെല്ലാം ഇപ്പോള്‍ മാറിയെന്നും കുര്യന്‍ കൂട്ടിച്ചേര്‍ത്തു. കുര്യനെ കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തിയെന്ന് മാണിയും പറഞ്ഞു. തിരുവല്ലയില്‍ യു.ഡി.എഫിന് ജയം സുനിശ്ചിതമാണ്. പുതുശേരിക്കായി യു.ഡി.എഫ് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്നും മാണി പറഞ്ഞു.

നാളെത്തന്നെ യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ പൂര്‍ണ തോതില്‍ തുടങ്ങും. മണ്ഡലം കമ്മിറ്റി ചേര്‍ന്ന് പ്രചരണം ഊര്‍ജ്ജിതമാക്കുമെന്നും കുര്യന്‍ പറഞ്ഞു.

Top