പ്രവര്‍ത്തകരെ ചാക്കിട്ടുപിടിക്കുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്ന് പി ജയരാജന്‍

കണ്ണൂര്‍: റിജില്‍ മാക്കുറ്റിയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചെന്ന വാര്‍ത്ത തള്ളി പി ജയരാജന്‍.

ചാക്കിട്ടു പിടിക്കുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്ന് പി ജയരാജന്‍ പറഞ്ഞു. റിജില്‍ മാക്കുറ്റി സിപിഎമ്മിലേക്ക് ചേക്കേറുന്നുവെന്ന വാര്‍ത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.

മറ്റ് പാര്‍ട്ടികളില്‍ പെട്ട നേതാക്കളെയോ പ്രവര്‍ത്തകരെയോ ചാക്കിട്ട് പിടിക്കുന്ന പാര്‍ട്ടിയല്ല സിപിഎം. ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പ്രതികരിച്ചു.

അതേസമയം, പോസ്റ്റില്‍ അദ്ദേഹം റിജിലിന്റെ പേര് പരാമര്‍ശിച്ചിട്ടില്ല. തങ്ങള്‍ തുടര്‍ന്ന് വരുന്ന രാഷ്ട്രീയം തെറ്റെന്ന് ബോധ്യപ്പെടുകയും അത് പരസ്യമായി പറഞ്ഞ് സിപിഎമ്മിന്റെ രാഷ്ട്രീയമാണ് ശരിയെന്ന് പ്രഖ്യാപിച്ച് മുന്നോട്ട് വരുന്ന വ്യക്തികളെ മാത്രമാണ് പാര്‍ട്ടി സ്വീകരിക്കുകയെന്നും ജയരാജന്‍ പറഞ്ഞു.

സ്വന്തം പാര്‍ട്ടിയില്‍ സമ്മര്‍ദ്ദ തന്ത്രം പ്രയോഗിക്കാന്‍ വേണ്ടി സിപിഎമ്മിലേക്കു പോകുന്നുവെന്ന പ്രചരണം നടത്തുന്നവരെ ജനം തിരിച്ചറിയുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

രണ്ട് ദിവസമായി കണ്ണൂരിലെ ഒരു യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് സിപിഐ(എം) ലേക്ക് എന്നൊരു പ്രചരണം നവമാധ്യമങ്ങളില്‍ നടക്കുന്നതായി അറിയാന്‍ കഴിഞ്ഞു.ഒരു സായാഹ്ന പത്രത്തിലെ വാര്‍ത്തയും ശ്രദ്ധയില്‍പെട്ടു.സി പിഐ(എം) ലേക്ക് ക്ഷണം കിട്ടിയതായി ഈ യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് പറഞ്ഞതായും ഒരു ഓണ്‍ലൈന്‍ പത്രത്തില്‍ കണ്ടു.
മറ്റ് പാര്‍ട്ടികളില്‍ പെട്ട നേതാക്കളെയോ പ്രവര്‍ത്തകരെയോ ചാക്കിട്ട് പിടിക്കുന്ന പാര്‍ട്ടിയല്ല സിപിഐ(എം).തങ്ങള്‍ തുടര്‍ന്ന് വരുന്ന രാഷ്ട്രീയം തെറ്റെന്ന് ബോധ്യപ്പെടുകയും അത് പരസ്യമായി പറഞ്ഞ് സിപിഐ(എം) ന്‍റെ രാഷ്ട്രീയമാണ് ശരിയെന്ന് പ്രഖ്യാപിച്ച് മുന്നോട്ട് വരുന്ന വ്യക്തികളെ മാത്രമാണ് പാര്‍ട്ടി സ്വീകരിക്കുക.
സ്വന്തം പാര്‍ട്ടിയില്‍ സമ്മര്‍ദ്ദ തന്ത്രം പ്രയോഗിക്കാന്‍ വേണ്ടി ” ഇതാ സിപിഐ(എം) ഞങ്ങളെ സ്വീകരിക്കുന്നു ” എന്ന പ്രചരണം നടത്തുന്നവരെ ജനം തിരിച്ചറിയുക തന്നെ ചെയ്യും.ഇത്തരം പ്രചരണത്തിന്‍റെ ലക്ഷ്യമെന്തെന്ന് കണ്ണൂരിലെ കോണ്‍ഗ്രസ്സില്‍ സമീപകാലത്ത് നടന്ന ചില സംഭവങ്ങള്‍ പരിശോധിക്കുന്നവര്‍ക്ക് കൃത്യമായി മനസിലാവും.
അടുത്തകാലത്ത് കണ്ണൂരില്‍ നൂറ് കണക്കിന് പേര്‍ മറ്റ് പാര്‍ട്ടികള്‍ വിട്ട് സിപിഐ(എം) ന്‍റെ ഭാഗമായി മാറിയിട്ടുണ്ട്.ഇത്തരത്തില്‍ കോണ്‍ഗ്രസ്സ്, ബിജെപി, മുസ്ലിം ലീഗ്, തുടങ്ങിയ പാര്‍ട്ടികളില്‍ നിന്ന് രാജി വെച്ച് സിപിഐ(എം) ആണ് ശരിയെന്ന് പ്രഖ്യാപിച്ച് മുന്നോട്ട് വരുന്നവരോട് പാര്‍ട്ടിയുടെ ക്രിയാത്മകമായ സമീപനം തുടരുക തന്നെ ചെയ്യും.
പി ജയരാജന്‍

Top