കണ്ണൂര്‍: എല്ലാവര്‍ക്കും ജീവിക്കണമെന്ന് മുദ്രാവാക്യമുയര്‍ത്തി ബി.ജെ.പി നടത്തിയ ജനരക്ഷായാത്ര മറയാക്കി അക്രമം വ്യാപിപ്പിക്കുന്നതില്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് പ്രതിഷേധം അറിയിച്ചുവെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍.
സി.പി.എം നടത്തിയ റാലിക്ക് നേരെ ബോംബേറ് ഉണ്ടായ സാഹചര്യത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
അക്രമങ്ങള്‍ക്ക് പരസ്യപ്രേരണ നല്‍കുന്നതാണ് ജനരക്ഷായാത്രയില്‍ നേതാക്കളുടെ പ്രസംഗങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂര്‍ ജനത സംയമനം പാലിച്ചതിനാലാണ് ജനരക്ഷായാത്ര കടന്നുപോകുന്ന ഘട്ടത്തിലൊന്നും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരുന്നത്. അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സംഘപരിവാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതിരോധം നേരിടേണ്ടി വരുമെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
എല്ലാവര്‍ക്കും ജീവിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി നടത്തിയ ജനരക്ഷായാത്ര മറയാക്കി അക്രമം വ്യാപിപ്പിക്കുന്നതില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രതിഷേധിച്ചു. പരിഹാസ്യമായ രീതിയില്‍ ജാഥ കടന്നുപോയശേഷവും അക്രമം വ്യാപിപ്പിക്കുകയാണ്. തലശേരി, പാനൂര്‍ മേഖലയിലാണ് കഴിഞ്ഞ ദിവസം അക്രമം നടത്തിയത്. ചുണ്ടങ്ങാപ്പൊയിലില്‍ ജോലികഴിഞ്ഞുമടങ്ങുന്നവരെയാണ് അക്രമിച്ചത്. ചൊക്ലി ഒളവിലത്ത് ശനിയാഴ്ച രാത്രി സിപിഐ എം പ്രകടനത്തിന് നേരെ ബോംബെറിഞ്ഞു.
ഞായറാഴ്ച പാനൂര്‍ കരിയാട് മത്സ്യവില്‍പന തൊഴിലാളിയെ അക്രമിച്ചു. അലവില്‍ സിപിഐ എം ഓഫീസിന് കരിഓയില്‍ ഒഴിച്ചു. എടക്കാട് അവേരയില്‍ സിപിഐ എം ബ്രാഞ്ച് സമ്മേളനത്തിന് പതാകകളും ബോര്‍ഡുകളും നശിപ്പിച്ചു. തലശേരി എടത്തിലമ്പലത്ത് സിപിഐ ബ്രാഞ്ച് സമ്മേളനത്തിനിടെ പ്രവര്‍ത്തകരുടെ മുന്നിലിട്ട് പതാക നശിപ്പിച്ചു. ചുവപ്പന്‍മാരുടെ സമ്മേളനം ഇവിടെ നടത്താന്‍ അനുവദിക്കില്ലെന്ന് ആക്രോശിച്ചായിരുന്നു അക്രമം. സിപിഐ എമ്മിനെതിരെ മാത്രമല്ല, സിപിഐക്ക് എതിരെയും അക്രമം വ്യാപിപ്പിച്ചുവെന്നാണ് ഇത് തെളിയിക്കുന്നത്.
അക്രമങ്ങള്‍ക്ക് പരസ്യപ്രേരണ നല്‍കുന്നതാണ് ജനരക്ഷായാത്രയില്‍ നേതാക്കളുടെ പ്രസംഗങ്ങള്‍. കണ്ണൂര്‍ ജനത സംയമനം പാലിച്ചതിനാലാണ് ജനരക്ഷായാത്ര കടന്നുപോകുന്ന ഘട്ടത്തിലൊന്നും അനിഷ്ടസംഭവങ്ങള്‍ ഉണ്ടാവാതിരുന്നത്. അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സംഘപരിവാരം തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതിരോധം നേരിടേണ്ടിവരും. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസ് തയ്യാറാവണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.