p. jayarajan – cbi – kathiroor manoj case

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ടു സിബിഐ തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. 17നു വിധി പറയും. ജയരാജനെ മൂന്നു ദിവസം കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നായിരുന്നു സിബിഐയുടെ ആവശ്യം.

എന്നാല്‍ ജയരാജന്‍ ഹൃദ്രോഗത്തിനു ചികില്‍സയിലായതിനാല്‍ ചോദ്യം ചെയ്യാന്‍ സിബിഐ കസ്റ്റഡിയില്‍ വിട്ടുനല്‍കാനാവില്ലെന്നു ജയരാജന്റെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.

തുടര്‍ന്ന് ജയരാജന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് 17നു സമര്‍പ്പിക്കാന്‍ കോടതി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. ഇതു പരിശോധിച്ച ശേഷമാകും വിധി പറയുക.

അതിനിടെ പരിയാരം മെഡിക്കല്‍ കോളജില്‍ ജയരാജനെ ചികില്‍സിച്ച ഡോക്ടര്‍ എസ്.എം. അഷ്‌റഫിനെ സിബിഐ സംഘം ചോദ്യം ചെയ്തു. ജയരാജന്റെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നും എന്നാല്‍ അദ്ദേഹത്തിനു തുടര്‍ചികില്‍സ ആവശ്യമാണെന്നും ഡോക്ടര്‍ സിബിഐ സംഘത്തെ അറിയിച്ചു. ചോദ്യം ചെയ്യുന്നതിനു മുന്‍പായി ജയരാജനെ മെഡിക്കല്‍ ബോര്‍ഡിനു പരിശോധിക്കാമെന്നും ഡോക്ടര്‍ അറിയിച്ചു.

അതേസമയം, കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ ഉച്ചയോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നു നിന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റും.

ജയരാജനെ പരിയാരത്തു നിന്നു ഡിസ്ചാര്‍ജ് ചെയ്യണമെന്ന സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ അപേക്ഷ പരിയാരം മെഡിക്കല്‍ കോളജില്‍ ലഭിച്ചു.
p

Top