P Jayarajan controlled Kannur police says Chennithala

കണ്ണൂര്‍: ജില്ലയില്‍ ഒരു സിപിഎം പ്രവര്‍ത്തകനും ബിഎംഎസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് നേതാക്കള്‍ തമ്മിലുള്ള വാക്‌പോര് തുടരുന്നു.

ആഭ്യന്തരവകുപ്പിനെതിരെ നിയമസഭയില്‍ ആഞ്ഞടിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കണ്ണൂര്‍ ജില്ലയില്‍ പൊലീസിനെ നിയന്ത്രിക്കുന്നത് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനാണെന്ന് ആരോപിച്ചതാണ് നേതാക്കള്‍ തമ്മിലുള്ള പോരിന് വഴി ഒരുക്കിയത്.

കണ്ണൂരില്‍ പൊലീസുകാരെ സ്ഥലം മാറ്റുന്നതെല്ലാം പി ജയരാജന്റെ താല്‍പര്യത്തിനനുസരിച്ചാണ്. പൊലീസിന് അവിടെ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പൊലീസില്‍ നടത്തിയ അഴിച്ച്പണി കൊലയാളികളെ സഹായിക്കാനാണ്. വേണ്ടപ്പെട്ടവരെ പൊലീസ് തലപ്പത്തെത്തിച്ച് വ്യാപകമായി അക്രമം അഴിച്ച് വിടുകയാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം.

ചെന്നിത്തലയുടെ ഖദര്‍ കുപ്പായത്തിനുള്ളില്‍ ആര്‍എസ്എസിന്റെ കാക്കി ട്രൗസറാണെന്ന് തുറന്നടിച്ചാണ് ചെന്നിത്തലക്ക് ഉരുളക്ക് ഉപ്പേരി കണക്കെ ജയരാജന്‍ മറുപടി നല്‍കിയത്. വിവരക്കേട് പറയുന്ന പ്രതിപക്ഷ നേതാവ് സഭയ്ക്ക് അപമാനമാണെന്നും ജയരാജന്‍ തുറന്നടിച്ചു.

രണ്ട് നേതാക്കളുടെ പ്രതികരണവും സോഷ്യല്‍മീഡിയയില്‍ ട്രോളര്‍മാര്‍ ആഘോഷമാക്കിയിട്ടുണ്ട്.

യഥാര്‍ത്ഥത്തില്‍ കണ്ണൂര്‍ ജില്ലയില്‍ സിപിഎമ്മിന്റെ പ്രഖ്യാപിത ശത്രുവായ സുകുമാരനടക്കം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച ഒരു ഡിവൈഎസ്പിയെ പോലും സ്ഥലം മാറ്റിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എസ്പിയും വിരലിലെണ്ണാവുന്ന സിഐ-എസ്‌ഐമാരും മാത്രമാണ് മാറിയത്. കാര്യം പറഞ്ഞാല്‍ ജയരാജനേക്കാള്‍ സ്വാധീനം ഇപ്പോഴും ജില്ലയിലെ പൊലീസിലെ ഒരു പ്രബലവിഭാഗത്തിന് മേല്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് തന്നെയാണ്.

സമഗ്രമായ അഴിച്ച് പണിയുണ്ടായാല്‍ മാത്രമേ ഇക്കാര്യത്തില്‍ ഇനി മാറ്റമുണ്ടാകാന്‍ സാധ്യതയുള്ളു എന്നതാണ് യാഥാര്‍ഥ്യം.

Top