നിലപാട് ആവര്‍ത്തിച്ച് ജയരാജന്‍, ഒളിവില്‍ കഴിയുന്ന പലരും അലന്റെ കൂട്ടുകാര്‍

കണ്ണൂര്‍: യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകളാണെന്ന് വീണ്ടും ആവര്‍ത്തിച്ച് സിപിഎം നേതാവ് പി. ജയരാജന്‍ രംഗത്ത്. ഇവര്‍ രണ്ടുപേരും പാര്‍ട്ടിക്കുള്ളില്‍ രഹസ്യമായി മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഫെയ്‌സ് ബുക്കിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഒളിവില്‍ കഴിയുന്ന മാവോയിസ്റ്റ്, അലന്റെ മുറിയില്‍ താമസിച്ചിരുന്നതായും ജമാഅത്ത് ഇസ്ലാമി സംഘടനയുമായി ചേര്‍ന്ന് സ്റ്റുഡന്റ്‌സ് കള്‍ച്ചറല്‍ ഫോറം വേദി രൂപീകരിക്കാന്‍ ശ്രമിച്ചിരുന്നതായും ജയരാജന്‍ ആരോപിച്ചു. എന്‍ഐഎ ഏറ്റെടുത്ത കേസെന്ന നിലയില്‍ കൂടുതല്‍ എഴുതി വിഷമിപ്പിക്കുന്നില്ലെന്നും ജയരാജന്‍ പരിഹസിച്ചു.

ജയരാജന്റെ കുറിപ്പിന്റെ പൂര്‍ണരൂപം;

അലന്റെ അമ്മ വായിച്ചറിയുവാന്‍…..
കെ.എല്‍.എഫ് വേദിയില്‍ സംവാദത്തിനിടയില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളെ എതിര്‍ത്തുകൊണ്ട്‌ഫേസ്ബുക്കിലിട്ട പോസ്റ്റ് മീഡിയാവണ്‍ ഉള്‍പ്പെടേയുള്ള മാധ്യമങ്ങള്‍ വലിയ ചര്‍ച്ചയാക്കി തെറ്റ്ദ്ധാരണ ഉണ്ടാക്കാന്‍ ശ്രമിച്ചതുകൊണ്ടാണ് ഇങ്ങനെ എഴുതാന്‍ നിര്‍ബന്ധിതനായത്. മകന്‍ ജയിലിലുള്ള അമ്മയുടെ വികാരമായിക്കണ്ട് ഒന്നും പ്രതികരിക്കാതിരിക്കാനാണ് ആദ്യം ആലോചിച്ചത്.
അലന്‍ എസ്.എഫ്.ഐ യുടെ നേതാവായിരുന്നു എന്ന് ഞാന്‍ പറഞ്ഞിട്ടേയില്ല. എന്നാല്‍ സി.പി.എം മെമ്പറാണ്. പാര്‍ടി മെമ്പറായിരുന്നുകൊണ്ട് മറ്റൊരു പ്രസ്ഥാനത്തിന് വേണ്ടി രഹസ്യമായി പ്രവര്‍ത്തിച്ചു എന്നാണ് ഞാന്‍ സൂചിപ്പിച്ചത്. മാവോയിസ്റ്റുകളുടെ രേഖയില്‍ പറഞ്ഞ ഫ്രാക്ഷന്‍ പ്രവര്‍ത്തനമാണിത്. അത് പറഞ്ഞത് പോലീസ് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയല്ല. പോലീസെത്തിയപ്പോള്‍ ഓടി രക്ഷപ്പെട്ട, ഇപ്പൊഴും പിടിയിലാവാത്ത മാവോയിസ്റ്റ്, അലന്‍ താമസിക്കുന്ന മുറിയിലെത്തിയിരുന്നുവെന്നും രാത്രി അവിടെ താമസിച്ച് പുലര്‍ച്ചെ സ്ഥലംവിട്ടിരിന്നു എന്നുമുള്ള സഹവിദ്യാര്‍ത്ഥികളില്‍ നിന്നുമുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ്. പാലയാട് യൂനിവേഴ്‌സിറ്റി സെന്ററിലുള്ള ജമാഅത്തെ ഇസ്ലാമി സംഘടന ഫ്രാറ്റേണിറ്റിയുമായി യോജിച്ചുകൊണ്ട് സ്റ്റൂഡന്റ്‌സ് കള്‍ച്ചറല്‍ ഫോറം എന്ന വേദി രൂപീകരിക്കാന്‍ ശ്രമിച്ചതും അതിന്റെ നേതൃത്വത്തില്‍ സെമിനാര്‍ നടത്താന്‍ തീരുമാനിച്ചതും എസ്.എഫ്.ഐ നേതൃത്വം ഇടപെട്ട് തടയുകയായിരുന്നു.

ഒരു പാര്‍ടി മെമ്പര്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം ചെയ്തുവെന്നെങ്കിലും സമ്മതിക്കണം.
എന്‍.ഐ.എ ഏറ്റെടുത്ത കേസെന്ന നിലയില്‍ കൂടുതല്‍ എഴുതി വിഷമിപ്പിക്കുന്നില്ല. സി.പി.ഐ(എം) പ്രവര്‍ത്തകരെയടക്കം യു.എ.പി.എ കേസില്‍പ്പെടുത്തി പീഢിപ്പിക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും.
മതനിരപേക്ഷമായി ജീവിക്കുന്ന അമ്മയ്ക്കും അച്ഛനും ആശംസകള്‍…!. അതിനെ അംഗീകരിക്കാത്ത, മുസ്ലീം പേരുകാരായത് കൊണ്ടാണ് പ്രതികളാക്കപ്പെട്ടത് എന്ന നുണ ഇപ്പോഴും പ്രചരിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ കെണിയില്‍ വീഴാതിരിക്കാന്‍ അപേക്ഷ.

അലനും കുടുംബവും സിപിഎം പ്രവര്‍ത്തകരാണെന്നും ആ രാഷ്ട്രീയ ജീവിതത്തിന് ജയരാജന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അലന്റെ അമ്മ സബിത പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയാണ് ജയരാജന്റെ കുറിപ്പ്.

Top