തിരുവനന്തപുരം: തന്റെ വ്യാജ ചിത്രം ഉപയോഗിച്ച് അപവാദ പ്രചരണം നടത്തുന്നതിനെതിരെ സിപിഐഎം നേതാവ് പി ജയരാജന്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിയ്ക്കും പരാതി നല്‍കി. സിപിഐഎം ലോക്കല്‍ സെക്രട്ടറിയുടെ ഫോട്ടോ വെട്ടിമാറ്റി പാലത്തായ് പീഡന കേസ് പ്രതിയായ ബിജെപി നേതാവിന്റെ പടം ഉപയോഗിച്ച് പ്രചരിപ്പിക്കുന്നതിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. കെ കെ ശൈലജയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള തന്നെയും അതുവഴി സ്ഥാനാര്‍ത്ഥിയെയും അപമാനിക്കുകയാണ് ലക്ഷ്യമെന്നാണ് പരാതിയില്‍ പറയുന്നത്.
രാജീവ് ചന്ദ്രശേഖറിനോടൊപ്പം എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ ഭാര്യ ഇരിക്കുന്നതായുള്ള വ്യാജ ചിത്രവും പ്രചരിപ്പിച്ചിരുന്നു. സംഭവത്തില്‍ ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ വ്യാജ ചിത്രം പ്രചരിച്ചതിന് ഡിസിസി അംഗത്തിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. തിരുവനന്തപുരം ഡിസിസി അംഗം തോമസ് ഡിക്രൂസിനെതിരെയാണ് വളപ്പട്ടണം പൊലീസ് കേസ് എടുത്തത്. രാജീവ് ചന്ദ്രശേഖരനോടൊപ്പമുള്ള പി കെ ഇന്ദിരയുടെ ചിത്രം വ്യാജമായി നിര്‍മ്മിച്ച് പ്രചരിപ്പിച്ചതിനാണ് കേസ്. തോമസ് ഡിക്രൂസിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ ചിത്രം പോസ്റ്റ് ചെയ്തിരുന്നു.