കൊച്ചി: തൃശൂര്‍ അമല ആശുപത്രിയില്‍ നിന്നു തിരുവനന്തപുരം ശ്രീചിത്രയിലേക്കുള്ള യാത്രാ മധ്യേ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്കായി പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് 12.30നാണു ജയരാജനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. ഒരു മണിക്കൂറോളം ജയരാജനെ കാര്‍ഡിയോ ഐസിയുവില്‍ നീരീക്ഷണത്തില്‍ വച്ചു. ആരോഗ്യ നിലയില്‍ കാര്യമായ വ്യതിനായനങ്ങള്‍ ഇല്ലാത്തതിനാല്‍ 1.50 ഓടെ ജയരാജനുമായുള്ള കാര്‍ഡിയോ ഐസിയു ആംബുലന്‍സ് തിരുവനന്തപുരത്തേക്കു തിരിച്ചു. ജനറല്‍ ആശുപത്രിയില്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. വിജോ ജോര്‍ജാണ് ഇദ്ദേഹത്തെ പരിശോധിച്ചത്.
ഇസിജി എടുത്തുവെങ്കിലും പുതുതായി ഒന്നും കണ്ടെത്താനായില്ലെന്നു ഡോ. വിജോ ജോര്‍ജ് പറഞ്ഞു. നാല് ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞതിലുള്ള വ്യതിയാനം മാത്രമേ ഉണ്ടായിരുന്നുള്ളു. ആരോഗ്യ നിലയില്‍ കാര്യമായ വ്യതിയാനങ്ങള്‍ ഇല്ലാത്തതിനാല്‍ യാത്ര തുടരാന്‍ അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരില്‍ നിന്നു പുറുപ്പെട്ട ശേഷം രാവിലെ 11 മണിയോടെ നെഞ്ചു വേദന അനുഭവപ്പെടുന്നു എന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് തൊട്ടടുത്ത കാര്‍ഡിയോളജി വിഭാഗമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്.