P Jayarajan-Hospital

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റാനുള്ള നീക്കം തല്‍ക്കാലത്തേക്കു മരവിപ്പിച്ചു.

സിപിഎമ്മിന്റെ സമ്മര്‍ദഫലമായി മന്ത്രി രമേശ് ചെന്നിത്തലയടക്കമുള്ളവര്‍ സംഭവത്തില്‍ ഇടപെട്ടതിനെത്തുടര്‍ന്നാണു ജയില്‍മാറ്റം തല്‍ക്കാലത്തേക്കു വേണ്ടെന്നു കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ക്കു ആഭ്യന്തരവകുപ്പില്‍ നിന്നു നിര്‍ദേശം ലഭിച്ചത്.

ജയരാജനെ ഇന്നു രാവിലെ പത്തിനു മാറ്റുമെന്നായിരുന്നു സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ഇന്നലെ അറിയിച്ചിരുന്നത്. ഇതിനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായിരുന്നു. എന്നാല്‍ സിബിഐയുടെയും കോടതിയുടെയും നിലപാടറിഞ്ഞശേഷം മതി ആശുപത്രിമാറ്റമെന്നാണു ആഭ്യന്തരവകുപ്പിന്റെ തീരുമാനം.

ജയരാജനെ നാളെ മുതല്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന ആവശ്യവുമായി സിബിഐ നല്‍കിയ ഹര്‍ജി ഇന്നു തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കുന്നുണ്ട്. ജയരാജന്‍ പരിയാരത്തു ചികില്‍സയില്‍ കഴിയുന്നത് ചട്ടവിരുദ്ധമായാണെന്നും സിബിഐ കോടതിയെ ബോധിപ്പിക്കും. ഇക്കാര്യത്തില്‍ കോടതിയുടെ ഉത്തരവു കൂടി പരിഗണിച്ചായിരിക്കും ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക.

Top