P Jayarajan in Kannur Central jail

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു.

കതിരൂര്‍ കേസില്‍ ഹൈക്കോടതി ജാമ്യാപേക്ഷ നിരോധിച്ചതിനെ തുടര്‍ന്ന് ജയരാജന്‍ തലശേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയിരുന്നു. തുടര്‍ന്ന് അടുത്ത മാസം 11വരെ ജയരാജനെ റിമാന്‍ഡ് ചെയ്ത് കോടതി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയക്കുകയായിരുന്നു.

ജയരാജന്റെ കസ്റ്റഡി ആവശ്യപ്പെട്ട് സി.ബി.ഐ അപേക്ഷ നല്‍കിയെങ്കിലും അത് പിന്നീട് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജയരാജന്‍ രാവിലെയാണ് ആശുപത്രിയില്‍ നിന്നും ആംബുലന്‍സിലെത്തിയാണ് തലശേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്.

തനിക്കെതിരായ കേസിന് പിന്നില്‍ ആര്‍.എസ്.എസിന്റെ ഗൂഢാലോചനയുണ്ടെന്ന് ജയരാജന്‍ ആരോപിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ടതിനാലാണ് തനിക്കെതിരെ യു.എ.പി.എ നിയമം ചുമത്തിയതെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ജയരാജന്‍ വ്യക്തമാക്കിട്ടുണ്ട്.

Top