p jayarajan-kannur-cpm-kathiroor case

തിരുവനന്തപുരം: വിദഗ്ദ ചികിത്സായ്ക്കായി ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചിരുന്ന സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജനെ ഡിസ്ചാര്‍ജ് ചെയ്തു. ജയരാജന്റെ ആരോഗ്യനില തൃപ്തികരമാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിസ്ചാര്‍ജ്. ഗരീബ് രഥ് എക്‌സ്പ്രസില്‍ കോഴിക്കോട്ട് എത്തിക്കുന്ന ജയരാജനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും.

മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജയരാജനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് നിര്‍ദേശിക്കുകയായിരുന്നു. മുമ്പ് ചികിത്സിച്ചിരുന്ന ആശുപത്രി എന്ന നിലയിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നത്. ഇവിടെ നടത്തുന്ന പരിശോധനക്ക് ശേഷം ജയരാജനെ കണ്ണൂരിലേക്ക് കൊണ്ടു പോകുമെന്നാണ് റിപ്പോര്‍ട്ട്.

ഫെബ്രുവരി 24നാണ് ജയരാജനെ വിദഗ്ധ പരിശോധനക്കായി ശ്രീചിത്രയില്‍ പ്രവേശിപ്പിച്ചത്.

കോഴിക്കോട് നിന്നും ജയരാജനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ടിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തിലാണ് തിരിച്ച് ട്രെയിന്‍ യാത്ര തെരഞ്ഞെടുത്തത്. കണ്ണൂര്‍ എആര്‍ ക്യാമ്പില്‍ നിന്നുള്ള പൊലീസുകാരാണ് സുരക്ഷ ഒരുക്കിയിട്ടുള്ളത്.

കതിരൂര്‍ മനോജ് കേസില്‍ ചോദ്യം ചെയ്യാന്‍ ജയരാജനെ വിട്ടുകിട്ടണമെന്ന സിബിഐയുടെ അപേക്ഷ തലശേരി ജില്ലാ സെഷന്‍സ് കോടതി നാളെ പരിഗണിക്കും. ജയരാജന് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ജയില്‍ അധികൃതര്‍ കോടതിയില്‍ ഹാജരാക്കും.

Top