കോഴിക്കോട്: സി.പി.എം നേതാവ് പി.ജയരാജനെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.
വധക്കേസില്‍ പ്രതിയായ ജയരാജനെ സ്വകാര്യ ആസ്പത്രിയില്‍ പാര്‍പ്പിക്കാന്‍ നിയമതടസ്സങ്ങള്‍ നേരിടുന്നതിനാലാണ് ഈ നീക്കം. ഇതു സംബന്ധിച്ച് പരിയാരം മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് ജയില്‍ സൂപ്രണ്ട് നോട്ടീസ് നല്‍കി.
കതിരൂര്‍ മനോജ് വധക്കേസില്‍ കോടതിയില്‍ കീഴടങ്ങിയ ശേഷം ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ ജയരാജനെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു.
വധക്കേസില്‍ ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളിയ സാഹചര്യത്തിലാണ് ഹൃദയ സംബന്ധമായ രോഗത്താല്‍ പരിയാരത്ത് ചികിത്സയിലായിരുന്ന ജയരാജന്‍ കോടതിയില്‍ കീഴടങ്ങിയത്.
ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ടതിന് ശേഷം നടത്തിയ വൈദ്യപരിശോധനയില്‍ ജയരാജന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജയരാജന്റെ അഭ്യര്‍ത്ഥന പ്രകാരം അദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തുടരാന്‍ അനുവദിച്ചത്. പക്ഷെ കേസിന്റെ അന്വേഷണ ചുമതലയുള്ള സി.ബി.ഐ ജയരാജന്റെ ആരോഗ്യ നില പരിശോധിച്ച റിപ്പോര്‍ട്ടുകള്‍ തേടിയിരുന്നു.