P jayarajan-kathiroor-Manoj -muder-case

തിരുവനന്തപുരം: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ജില്ലാ സെക്രട്ടറി പി ജയരാജനെ പ്രതി ചേര്‍ത്തത് ആര്‍എസ്എസ് ആസ്ഥാനത്തു നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ആര്‍എസ്എസ് മേധാവി കേരളത്തിലെത്തിയ ശേഷമാണ് ജയരാജന്‍ പ്രതിയായത്. മനോജിന്റെ ബന്ധുക്കള്‍ എന്ന പേരില്‍ ചിലര്‍ മോഹന്‍ ഭാഗവതിനെ സന്ദര്‍ശിച്ചുവെന്നും കോടിയേരി പറഞ്ഞു.

കേസില്‍ സിബിഐയും സംസ്ഥാന സര്‍ക്കാരും ഒത്തുകളിച്ചു. ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്ന് സിപിഎമ്മിനെതിരെ ഗൂഢാലോചന നടത്തുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രചാരണത്തില്‍ സിപിഎം നേതാക്കള്‍ ഉണ്ടാകാന്‍ പാടില്ല എന്നതാണ് അവരുടെ ലക്ഷ്യം.ആര്‍എസ്എസിന്റെ ആസൂത്രിത നീക്കമാണിതെന്നും കോടിയേരി വ്യക്തമാക്കി.

സിപിഎമ്മുകാരെ കൊലപ്പെടുത്തിയ അന്വേഷണം സിബിഐ ഏറ്റെടുത്തില്ല. ഇതേസമയത്തെ രണ്ട് കൊലപാതകങ്ങളില്‍ യുഎപിഎ ചുമത്തിയില്ല. യുഎപിഎ ചുമത്തിയതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്ന നിലപാട് തെറ്റാണ്. യുഎപിഎ ചുമത്തിയ ആര്‍എസ്എസുകാര്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

യുഎപിഎ ചേര്‍ത്തത് പ്രത്യാഘാതം ഉണ്ടാക്കും.തുടര്‍നടപടികള്‍ നിയമപരമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top