ഇരയെന്ന നിലയില്‍ തനിക്ക് നീതി ലഭിച്ചില്ല, കോടതിയുടേത് നിതീകരിക്കാനാകാത്ത ധൃതി:പി.ജയരാജന്‍

കണ്ണൂര്‍: 24 വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവോണദിവസം വീട്ടില്‍ കയറി എന്നെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് വിചാരണ കോടതി നല്‍കിയ ശിക്ഷ റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി വിധി വന്നിരിക്കുന്നുവെന്ന് സി.പി.എം. നേതാവ് പി. ജയരാജന്‍. വിധി ഉണ്ടാക്കിയ അമ്പരപ്പിനെ തുടര്‍ന്ന് പലരും എന്നെ വിളിച്ച് അവരുടെ അഭിപ്രായങ്ങള്‍ അറിയിക്കുകയുണ്ടായി.കീഴ്‌ക്കോടതികളുടെ വിധികള്‍ മേല്‍ക്കോടതികള്‍ റദ്ദാക്കുന്നത് സ്വാഭാവികമാണ്. ഇരയെന്ന നിലയില്‍ തനിക്ക് നീതി ലഭിച്ചില്ലെന്ന് പി. ജയരാജന്‍. കേസിന്റെ കാര്യത്തില്‍ കോടതി കാണിച്ചത് നീതീകരിക്കാനാകാത്ത ധൃതിയാണെന്നും വധശ്രമത്തിന് ഇരയായിട്ടുള്ള ആളെന്ന നിലയില്‍ നിതിനിഷേധമാണ് സംഭവിച്ചതെന്നും ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പി. ജയരാജനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ വിചാരണക്കോടതി ശിക്ഷിച്ച ആര്‍.എസ്.എസ്. പ്രവര്‍ത്തകരായ ആറു പ്രതികളില്‍ ഒരാളൊഴികെ മറ്റുള്ളവരെ ഹൈക്കോടതി വെറുതേ വിട്ടിരുന്നു. രണ്ടാംപ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയെങ്കിലും ശിക്ഷയില്‍ ഇളവുവരുത്തുകയും മൂന്നുപ്രതികളെ വിചാരണക്കോടതി വെറുതേ വിട്ടതിനെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളുകയും ചെയ്തിരുന്നു. ജസ്റ്റിസ് പി. സോമരാജന്റേതാണ് ഉത്തരവ്. സാക്ഷിമൊഴികള്‍ വിശ്വാസത്തിലെടുക്കാനാകില്ലെന്നും കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നും വിലയിരുത്തിയാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.

Top