തിരുവനന്തപുരം: പാലക്കാട് ആസ്ഥാനമായി അറബിക് സര്‍വകലാശാല രൂപീകരിക്കാന്‍ മന്ത്രിസഭാ തീരുമാനത്തിന്റെ ഫോട്ടോസ്റ്റാറ്റ് പകര്‍പ്പുമായി വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് നടത്തിയ ശ്രമം ഉന്നതവിദ്യാഭ്യാസ വകുപ്പും ധനവകുപ്പും ചേര്‍ന്ന് തടഞ്ഞു.
അറബിക് സര്‍വകലാശാല രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗത്തിന് കുറിപ്പ് നല്‍കില്ലെന്ന് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ബി.ശ്രീനിവാസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് വകുപ്പില്‍ നിന്ന് ഫയല്‍ വിദ്യാഭ്യാസമന്ത്രി വാങ്ങി മന്ത്രിസഭായോഗത്തില്‍ സമര്‍പ്പിക്കുകയായിരുന്നു.
ഈ ഫയല്‍ കാണാണില്ലെന്നും തീരുമാനത്തിന്റെ പകര്‍പ്പ് പരിഗണിച്ച് ഉത്തരവിറക്കണമെന്നും മന്ത്രി ഉന്നതവിദ്യാഭ്യാസ വകുപ്പിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നിട്ടും ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല.
യഥാര്‍ത്ഥ ഫയലില്ലാതെ ഉത്തരവിറക്കാനാവില്ലെന്നു കാട്ടി മന്ത്രിയുടെ നിര്‍ദ്ദേശവും ഫോട്ടോസ്റ്റാറ്റ് പകര്‍പ്പും ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ബി.ശ്രീനിവാസ് ചീഫ്‌സെക്രട്ടറിക്ക് തിരിച്ചയച്ചു.
ചീഫ്‌സെക്രട്ടറിയുടെ ശുപാര്‍ശയോടെ അഡി.ചീഫ്‌സെക്രട്ടറി കെ.എം.എബ്രഹാമിന് ഫോട്ടോസ്റ്റാറ്റ് അയച്ച് ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹവും വഴങ്ങിയില്ല.
ഇതോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്‍പ് ധൃതിയില്‍ അറബിക് സര്‍വകലാശാലയ്ക്ക് അനുമതി നല്‍കിയുള്ള വിഞ്ജാപനമിറക്കാനുള്ള സര്‍ക്കാരിന്റെ തന്ത്രം പൊളിഞ്ഞു.