തിരുവനന്തപുരം: നാമനിര്‍ദേശ പത്രികയില്‍ തെറ്റായ വിദ്യാഭ്യാസയോഗ്യത നല്‍കിയെന്നും പണത്തിന്റെ കണക്ക് കാണിച്ചില്ലെന്നുമുള്ള പരാതിയില്‍ മന്ത്രി പി.കെ ജയലക്ഷ്മിക്കെതിരായ റിപ്പോര്‍ട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്.
സബ്കലക്ടറുടെ റിപ്പോര്‍ട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറാണ് കൈമാറുക. അയോഗ്യത സംബന്ധിച്ച തീരുമാനം കൈക്കൊള്ളേണ്ടത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആണ്. മൂന്നു വര്‍ഷത്തേക്ക് വിലക്ക് ഉള്‍പ്പെടെയുള്ള നടപടികള്‍ വരാം. കോടതിക്കും നടപടിയെടുക്കാവുന്ന കേസാണിത്.
നാമനിര്‍ദേശ പത്രികയില്‍ ഇല്ലാത്ത വിദ്യാഭ്യാസ യോഗ്യത കാണിച്ചെന്നും മന്ത്രിയുടെ അക്കൗണ്ടില്‍ വന്ന 10 ലക്ഷം രൂപ വരവുചെലവു കണക്കില്‍ ഉള്‍പ്പെടുത്തിയില്ലെന്നും കാണിച്ച് ബത്തേരി സ്വദേശി കെ.പി.ജീവന്‍ നല്‍കിയ പരാതിയിലാണ് സബ് കലക്ടര്‍ ശ്രീറാം സാംബശിവറാവു കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പ്ലസ്ടു വിദ്യാഭ്യാസം മാത്രമുള്ള ജയലക്ഷ്മി ബിരുദം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചെന്നും എസ്ബിഐ മാനന്തവാടി ശാഖയിലെ മന്ത്രിയുടെ േപരിലുള്ള അക്കൗണ്ടില്‍ തിരഞ്ഞെടുപ്പ് സമയത്ത് വന്ന 10 ലക്ഷം രൂപ കണക്കില്‍ ഉള്‍പ്പെടുത്തിയില്ലെന്നുമായിരുന്നു പരാതി.
ഹൈക്കോടതിയില്‍ എത്തിയ ഈ കേസില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ എന്തു നിലപാടാണ് സ്വീകരിച്ചതെന്ന് കോടതി ആരാഞ്ഞിരുന്നു. അതോടെയാണ് തുടര്‍നടപടികള്‍ ഊര്‍ജിതമാക്കിയത്.