മുസ്ലീം ലീഗിന് ഇപ്പോള്‍ ഒരൊറ്റ ആഗ്രഹം മാത്രമാണ് അവശേഷിക്കുന്നത് അത് തമിഴകത്തെ രാമനാഥപുരത്ത് മത്സരിക്കുന്ന കെ.നവാസ് കനി വിജയിക്കണമെന്നതാണ്.നിലവില്‍ തമിഴ്‌നാട് നിയമസഭയില്‍ ലീഗിന് പ്രാതിനിത്യമുണ്ട്. ഈ പ്രാതിനിത്യം ഇവിടെ നിന്നും ലോക്‌സഭയിലും ഉണ്ടാകണമെന്ന് പാര്‍ട്ടി നേതൃത്വം ആഗ്രഹിക്കുന്നു.
കേരളത്തില്‍ നിന്നും ലീഗ് മത്സരിച്ച രണ്ട് സീറ്റുകളിലും എതിരാളികള്‍ പോലും വോട്ടെണ്ണല്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ തോല്‍വി സമ്മതിച്ചിരിക്കുകയാണ്. മലപ്പുറത്തും പൊന്നാനിയിലും വലിയ ഭൂരിപക്ഷത്തിന് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിമാര്‍ കൂടിയായ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും വിജയിക്കുമെന്നതാണ് നിലവിലെ അവസ്ഥ.
തമിഴകത്ത് നിന്നു കൂടി ഒരു എം.പിയെ കിട്ടിയാല്‍ മുസ്ലീം ലീഗിന് ലോകസഭയില്‍ 3 അംഗങ്ങള്‍ ആകും. നിലവില്‍ രാജ്യസഭയില്‍ 1 എം.പി ലീഗിനുണ്ട്.
ഇതോടെ 4 എം.പിമാരുള്ള പാര്‍ട്ടി എന്ന നിലയില്‍ യു.പി.എ അധികാരത്തില്‍ വന്നാല്‍ രണ്ട് മന്ത്രി സ്ഥാനം ആവശ്യപ്പെടാന്‍ കഴിയുമെന്ന കണക്കുകൂട്ടിലാണ് മുസ്ലീംലീഗ് നേതൃത്വം.
രണ്ട് ജനറല്‍ സെക്രട്ടറിമാര്‍ എം.പിമാരായതിനാല്‍ അവരെ ഒരു പോലെ പരിഗണിക്കേണ്ട സാഹചര്യമാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കുള്ളത്. ലീഗിന്റെ രാജ്യസഭ അംഗം വ്യവസായി അബ്ദുള്‍ വഹാബിനും മന്ത്രി പദവിയില്‍ കണ്ണുണ്ട്.
നിയമസഭ തെഞ്ഞെടുപ്പ് ആകുമ്പോഴേക്കും കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുമെന്നും അപ്പോള്‍ അവകാശവാദം ഉന്നയിക്കാമെന്നതുമാണ് വഹാബിന്റെ ഉള്ളിലിരിപ്പ്.
ബി.ജെ.പി ഒഴികെ മറ്റ് ഏത് സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാലും ലീഗിന്റെ മന്ത്രി താല്‍പ്പര്യങ്ങള്‍ നിറവേറ്റപ്പെടാനാണ് സാധ്യത.
കേന്ദ്ര മന്ത്രി പദം മോഹിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കളില്‍ ചിലരുടെയെങ്കിലും സ്വപ്നങ്ങള്‍ തകര്‍ക്കാന്‍ ശക്തിയുള്ള കണക്കുകൂട്ടലാണിത്. കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ലീഗിന്റെ ഇ.അഹമ്മദ് അടക്കം 8 മന്ത്രിമാരാണ് കേരളത്തില്‍ നിന്നുമുണ്ടായിരുന്നത്. ഇതില്‍ കേന്ദ്ര സഹമന്ത്രിമാരായിരുന്ന കെ.സി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍,കെ.വി തോമസ് എന്നിവര്‍ ഇപ്പോള്‍ മത്സരരംഗത്തില്ല.
രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം ലീഗിന്റെ ശക്തി രാഹുലിന് നേരിട്ട് ബോധ്യപ്പെടുത്തി കൊടുക്കാനും മുസ്ലീം ലീഗിന് കഴിഞ്ഞു. നിര്‍ണ്ണായക ഘട്ടത്തില്‍ ആത്മാര്‍ത്ഥമായി സഹായിച്ചതിനുള്ള നന്ദി രാഹുല്‍ കാട്ടുമെന്ന് തന്നെയാണ് പാണക്കാട്ടെ കണക്ക് കൂട്ടല്‍. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പൊന്നാനിയില്‍ ഉടക്കി നിന്നിരുന്ന കോണ്‍ഗ്രസ്സുകാരെ കൂടെ നിര്‍ത്താനും ലീഗിന് സഹായകരമായിരുന്നു. ഇവിടെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന പി.വി അന്‍വര്‍ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ തോല്‍വി സമ്മതിക്കുന്ന സാഹചര്യമാണുണ്ടായത്.
പൊന്നാനിയില്‍ പരാജയപ്പെട്ടാല്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കുമെന്ന് വീമ്പിളക്കിയ അന്‍വര്‍ ഇപ്പോള്‍ നേരെ മലക്കം മറിഞ്ഞിരിക്കുകയാണ്. സി.പി.എം മലപ്പുറം ജില്ലാ കമ്മറ്റിയുടെ കണക്കെടുപ്പില്‍ തന്നെ 35,000 വോട്ടിന് ഇ.ടി മുഹമ്മദ് ബഷീര്‍ വിജയിക്കുമെന്നതാണ്. എന്നാല്‍ ലീഗ് ഇ.ടിക്ക് കാണുന്നത് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ്.
മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് എതിരെ മത്സരിച്ച എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു നല്ല മത്സരമാണ് പ്രചരണ രംഗത്ത് കാഴ്ചവച്ചിട്ടുള്ളത്. എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ വീടുകള്‍ കയറിയുള്ള സ്‌ക്വാഡ് പ്രവര്‍ത്തനവും മികച്ചതായിരുന്നു. ഈ പ്രവര്‍ത്തനം പൊന്നാനിയില്‍ ആയിരുന്നു എങ്കില്‍ രക്ഷപ്പെട്ടേനെ എന്നു വരെ പറയുന്ന സി.പി.എം പ്രവര്‍ത്തകരുമുണ്ട്.
സാനുവിനെ പൊന്നാനിയില്‍ മത്സരിപ്പിക്കാതിരുന്നതിലും കടുത്ത അതൃപ്തി സി.പി.എമ്മില്‍ ശക്തമാണ്. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വന്നാല്‍ ഉടന്‍ അന്‍വറിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് സി.പി.എം കീഴ് ഘടകങ്ങള്‍. ഏതെങ്കിലും നേതാവിന്റെ വ്യക്തിപരമായ താല്‍പ്പര്യമല്ല സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഘടകമാക്കേണ്ടിയിരുന്നത് എന്ന അഭിപ്രായമാണ് പാര്‍ട്ടിയില്‍ ഇപ്പോള്‍ ശക്തമായിരിക്കുന്നത്. അന്‍വറിന് എതിരെയുള്ള ഗുരുതര ആരോപണങ്ങള്‍ സംസ്ഥാന നേതൃത്വം വിലയിരുത്താതിരുന്നതിലാണ് പാര്‍ട്ടി അനുഭാവികള്‍ക്ക് പോലും അത്ഭുതം.
അതേസമയം കേന്ദ്രത്തില്‍ യു.പി.എ വന്നാലും എന്‍.ഡി.എ വന്നാലും ഒരു പോലെ പരിഗണിക്കപ്പെടാവുന്ന പാര്‍ട്ടിയായിരിക്കുകയാണ് കേരള കോണ്‍ഗ്രസ്സ്. കോട്ടയത്ത് നിന്നും തോമസ് ചാഴിക്കാടന്‍ വലിയ ഭൂരിപക്ഷത്തിന് തന്നെ വിജയിക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.നിലവില്‍ രാജ്യസഭയില്‍ ജോസ്.കെ മാണിയും അംഗമാണ്.
കേരളാ കോണ്‍ഗ്രസ്സിനെ ഒപ്പം കൂട്ടാന്‍ പി.സി.തോമസ് വഴി വലിയ ശ്രമമാണ് ബി.ജെ.പിയും നടത്തി വരുന്നത്.എന്‍.ഡി.എ അധികാരത്തില്‍ വന്നാല്‍ കേന്ദ്ര മന്ത്രി പദമാണ് വാഗ്ദാനം. ഈ സാഹചര്യത്തില്‍ മതേതര സഖ്യം അധികാരത്തില്‍ വന്നാലും ജോസ്.കെ മാണിയെ പരിഗണിക്കാതെയിരിക്കാന്‍ കഴിയുകയില്ല. ഇതും കേരളത്തില്‍ നിന്നും മന്ത്രിയാകാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ് തിരിച്ചടിയാകുക.
ഏത് മുന്നണി അധികാരത്തില്‍ വന്നാലും പ്രാദേശിക പാര്‍ട്ടികളെ ഒപ്പം നിര്‍ത്തേണ്ടതുള്ളതിനാല്‍ കൂടുതല്‍ മന്ത്രി സ്ഥാനം വീതം വെച്ച് നല്‍കേണ്ടി വരും. കഴിഞ്ഞ കാലങ്ങളിലെ യിപിഎ-എന്‍ഡിഎ സര്‍ക്കാരുകളുടെ ഘടനയായിരിക്കില്ല ഇനി വരാന്‍ പോകുന്നത്. കേരളാ കോണ്‍ഗ്രസിനേയും മുസ്ലീം ലീഗിനേയും മോഹിപ്പിക്കുന്നതും ഈ ഘടകം തന്നെയാണ്.
Express Kerala View