ലൈംഗിക പീഡന പരാതിയില്‍ പി.കെ ശശിക്കെതിരെ കൂടുതല്‍ നടപടി ഉണ്ടായേക്കില്ല

തിരുവനന്തപുരം : ഡിവൈ.എഫ്.ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതിയില്‍ പി.കെ ശശി എം.എല്‍.എക്കെതിരെ കൂടുതല്‍ നടപടി ഉണ്ടായേക്കില്ല.

കര്‍ശന നടപടി ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയിലും, പാര്‍ട്ടി കമ്മീഷന്‍ കണ്ടെത്തലുകള്‍ ചോദ്യം ചെയ്ത് ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നല്‍കിയ പരാതിയിലും സിസിയില്‍ ചര്‍ച്ച ഉണ്ടായില്ല. ആറ് മാസത്തേക്ക് ശശിയെ സസ്‌പെന്റ് ചെയ്ത നടപടി സിസി ശരിവെച്ചു.

ലൈംഗികാതിക്രമത്തിന് ആരോപണ വിധേയനായ പി.കെ ശശി എം.എല്‍.എയുടെ കാര്യത്തില്‍ സ്ത്രീപക്ഷ നിലപാട് സ്വീകരിക്കണമെന്നായിരുന്നു വി.എസ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ആരോപണം നിലനില്‍ക്കവെ ശശിയെ പാര്‍ട്ടി ജാഥാ ക്യാപ്റ്റനാക്കിയതിലും സസ്‌പെന്‍ഷന് ശേഷവും ശശിക്കൊപ്പം പാര്‍ട്ടി നേതാക്കള്‍ വേദി പങ്കിട്ടതും ഉന്നയിച്ച് സംസ്ഥാന നേതൃത്വത്തെയും പരോക്ഷമായി കുറ്റപ്പെടുത്തുന്നതായിരുന്നു വി.എസിന്റെ കത്ത്.

എന്നാല്‍ പാര്‍ട്ടി ഭരണഘടനപ്രകാരമുള്ള അച്ചടക്ക നടപടികളില്‍ പുറത്താക്കല്‍ കഴിഞ്ഞാല്‍ രണ്ടാമത്തെ ഏറ്റവും കടുത്ത നടപടിയാണ് സസ്‌പെന്‍ഷന്‍ എന്നതിനാല്‍ സംസ്ഥാന ഘടകത്തിന്റെ തീരുമാനം കൂടുതല്‍ ചര്‍ച്ച കൂടാതെ കേന്ദ്ര കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.

Top