കൊച്ചി: പാമ്പാടി നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
കൃഷ്ണദാസിനെതിരെ തെളിവുകള്‍ ഹാജരാക്കാനായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പീഡിപ്പിച്ചതിനും പ്രേരണകുറ്റത്തിനും തെളിവില്ല. പ്രോസിക്യൂഷന്‍ വാദങ്ങള്‍ പൂര്‍ണ്ണമായും കോടതി തള്ളിക്കളഞ്ഞു.
എന്നാല്‍ വിചാരണ കാലയളവില്‍ കൃഷ്ണദാസ് പാമ്പാടി കോളേജില്‍ പ്രവേശിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു.
കഴിഞ്ഞ കുറേ ദിവസങ്ങളായി തുടര്‍ന്നു വരുന്ന വാദത്തിനൊടുവിലാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.
എന്നാല്‍ ജിഷ്ണുവിന്റെ കേസില്‍ അട്ടിമറിയുണ്ടായെന്ന് ജിഷ്ണുവിന്റെ കുടുംബം ആരോപിച്ചു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ വലിയ പിഴവുണ്ടായി. റൂറല്‍ എസ് പി അടക്കം തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നു. പ്രോസിക്യൂട്ടറുടെ ഭാഗത്തുനിന്ന് വീഴ്ചണ്ടായതായി കരുതുന്നില്ലെന്നും കുടുംബം പ്രതികരിച്ചു.
ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ കൃഷ്ണദാസിന് പങ്കുണ്ടെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനു കോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് രേഖകളും കേസ് ഡയറിയും ഹാജരാക്കാന്‍ കോടതി പൊലീസിന് നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാനായി ഇന്നത്തേക്കു മാറ്റുകയായിരുന്നു.