P M Manjo became Deshabhimani’s Resident editor

തിരുവനന്തപുരം: പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പിഎം മനോജ് ദേശാഭിമാനിയുടെ റസിഡന്റ് എഡിറ്ററാകും.

ഇതുസംബന്ധമായ തീരുമാനം സിപിഎം സംസ്ഥാന നേതൃത്വം കൈക്കൊണ്ടതായാണ് ലഭിക്കുന്ന സൂചന.

നിലവില്‍ റസിഡന്റ് എഡിറ്ററായ പ്രഭാവര്‍മ്മ മുഖ്യമന്ത്രി പിണറായി വിജയന്റെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ ഒഴിവിലേക്കാണ് അസോസിയേറ്റ് എഡിറ്ററായ മനോജിനെ തന്ത്രപ്രധാനമായ സ്ഥാനത്ത് അവരോധിക്കുന്നത്.

മുന്‍പ് പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു മനോജ്.

കണ്ണൂര്‍-കൂത്തുപറമ്പ് സ്വദേശിയായ മനോജ് ദേശാഭിമാനിയില്‍ ആര്‍എസ്എസ്-ബിജെപി സംഘടനകള്‍ക്കെതിരെ എഴുതുന്ന ലേഖനങ്ങള്‍ ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

അക്ഷരങ്ങളിലൂടെ സംഘ്പരിവാറിനെ കീറിമുറിക്കുന്ന മനോജിന്റെ ലേഖനങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശമാണുയര്‍ത്തിയിരുന്നത്.

സിപിഎമ്മിന്റെ മീഡിയാ ടീമില്‍ പ്രധാനിയായ മനോജ് ചാനല്‍ ചര്‍ച്ചകളിലും നവമാധ്യമങ്ങളിലും പാര്‍ടിക്കു വേണ്ടി ശക്തമായ ഇടപെടല്‍ നടത്തുന്ന വ്യക്തിയാണ്.

സിപിഎം സഹയാത്രികരെന്ന് അവകാശപ്പെടുന്ന ചില രാഷ്ട്രീയ നിരീക്ഷകരുടെ ചാനല്‍ ചര്‍ച്ചകളിലെ നിലപാടുകളാണ് പിണറായിക്ക് ‘വില്ലന്‍ പരിവേഷം’ നേരത്തെ നേടിക്കൊടുത്തതെന്ന് അഭിപ്രായപ്പെടുന്ന സാംസ്‌കാരിക പ്രവര്‍ത്തകരടക്കമുള്ളവര്‍ കൃത്യമായും പ്രകോപനമില്ലാതെയും സമര്‍ത്ഥമായി എതിരാളികളെ പ്രതിരോധത്തിലാക്കുന്ന മനോജിന്റെ ഇടപടെലുകള്‍ ഏറെ പ്രയോജനം ചെയ്തുവെന്ന അഭിപ്രായക്കാരാണ്.

നവമാധ്യമങ്ങള്‍ നിര്‍ണ്ണായകമായ പുതിയ കാലത്ത് ആ രംഗത്തും ശക്തമായ സാന്നിധ്യമായ മനോജിനെ തന്നെ പാര്‍ട്ടി മുഖപത്രത്തിന്റെ തലപ്പത്ത് പ്രതിഷ്ഠിക്കുക വഴി ആശയപ്രചരണ രംഗത്ത് കൂടുതല്‍ ശക്തമായ ഇടപെടലുകള്‍ക്കാണ് സിപിഎം വഴി ഒരുക്കിയിരിക്കുന്നത്.

Top