എൽ ടി ടി ഇ സ്ഥാപകൻ വേലുപ്പിള്ള പ്രഭാകരൻ മരിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി പി നെടുമാരൻ

ചെന്നൈ: ലിബറേഷൻ ടൈഗേഴ്‌സ് ഒഫ് തമിഴ് ഈഴത്തിന്റെ (എൽ ടി ടി ഇ) സ്ഥാപകനും തലവനുമായിരുന്ന വേലുപ്പിള്ള പ്രഭാകരൻ മരിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തൽ. വേൾഡ് ഫെഡറേഷൻ ഒഫ് തമിഴ് സംഘടനയുടെ പ്രസിഡന്റ് പി നെടുമാരനാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ശ്രീലങ്കയിൽ രാജപക്സെ ഭരണം അവസാനിച്ചതിനാലാണ് വെളിപ്പെടുത്തൽ നടത്തുന്നതെന്ന് നെടുമാരൻ പറഞ്ഞു. തഞ്ചാവൂരിൽ മാദ്ധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പ്രഭാകരൻ ആരോഗ്യവാനാണ്. അദ്ദേഹത്തിന്റെ അറിവോടെയാണ് ജീവിച്ചിരിപ്പുണ്ടെന്ന വിവരം പുറത്തുവിടുന്നത്. തന്റെ കുടുംബം പ്രഭാകരനുമായി ബന്ധം പുലർത്തുന്നുണ്ട്. എന്നാൽ അദ്ദേഹം നിലവിൽ എവിടെയാണെന്ന് പറയാനാകില്ല. പ്രഭാകരന്റെ കുടുംബത്തിന്റെ അനുമതിയോടെയാണ് ഇക്കാര്യങ്ങൾ തുറന്നുപറയുന്നത്. തമിഴ് ഈഴം സംബന്ധിച്ച പദ്ധതി തക്കസമയത്ത് പ്രഭാകരൻ വിശദമാക്കുമെന്നും നെടുമാരൻ കൂട്ടിച്ചേർത്തു.

2009 മേയ് 18നാണ് വേലുപ്പിള്ള പ്രഭാകരൻ കൊല്ലപ്പെട്ടതായി ശ്രീലങ്കൻ സേന അവകാശപ്പെട്ടത്. മേയ് 19ന് മൃതദേഹത്തിന്റെ ചിത്രങ്ങൾ ലങ്കൻ സേന പുറത്തുവിടുകയും ചെയ്തിരുന്നു. വേലുപ്പിള്ളയുടെ മൃതദേഹം മുൻ സഹപ്രവ‌ർത്തകൻ മുരളീധരൻ തിരിച്ചറിഞ്ഞുവെന്ന് വ്യക്തമാക്കിയായിരുന്നു ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത്.

Top