മഴക്കെടുതിയില്‍ കൃഷിനാശം 400 കോടി കവിയും, സഹായത്തിന്‌ പത്തുദിവസത്തിനകം അപേക്ഷിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ കൃഷിനാശം 400 കോടി കവിയുമെന്ന് കൃഷി മന്ത്രി പി.പ്രസാദ്. നഷ്ടപരിഹാരം നല്‍കുന്നതിന് കേന്ദ്രസഹായം തേടുമെന്നും മന്ത്രി പറഞ്ഞു. കൃഷിനാശം നേരിട്ടവര്‍ സഹായത്തിനായി പത്തുദിവസത്തിനകം അപേക്ഷിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുണ്ടെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയ മുന്നറിയിപ്പ്. നവംബര്‍ 18 വരെ മഴ ശക്തമായി തുടരും.

അറബിക്കടലില്‍ മഹാരാഷ്ട്ര ഗോവ തീരത്ത് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുവെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. നവംബര്‍ 17ഓടെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി കരയിലേക്ക് ആഞ്ഞുവീശിയേക്കും.

മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. ഇതോടെ നവംബര്‍ 18 വരെ കൊങ്കണ്‍ തീരത്തും ബംഗാള്‍ തീരത്തും കനത്ത മഴക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

കേരളത്തിനും തമിഴ് നാടിനും പിന്നാലെ മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും മഴകനക്കും. കര്‍ണ്ണാടക, ആന്ദ്രാപ്രദേശ്, ഗോവ, മഹാരാഷ്ട്ര, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലും നാളെമുതല്‍ മഴ ശക്തമായിരിക്കും.

ദക്ഷിണ ഒഡീഷ, തമിഴ്‌നാട്, ആന്ധ്ര തീരങ്ങളില്‍ വ്യാഴാഴ്ചവരെ കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കി. മത്സ്യതൊഴിലാളികള്‍ വ്യാഴാഴ്ച വരെ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.

Top