തിരുവനന്തപുരം: മികച്ച പാര്‍ലമെന്റേറിയനെന്ന് രാഷ്ട്രീയ-കക്ഷി ഭേദമന്യേ രാജ്യസഭയില്‍ എല്ലാ കക്ഷിനേതാക്കളും പുകഴ്ത്തിയ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവിനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ആലോചന.
മികച്ച ടീമിനെ അണിനിരത്തി തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന സിപിഎം നേതൃത്വം പരഗണിക്കുന്നതില്‍ പ്രധാനിയാണ് പി.രാജീവ്. ഇടതുപക്ഷം അധികാരത്തിലേറിയാല്‍ പ്രധാന വകുപ്പോടു കൂടി മന്ത്രിസ്ഥാനവും ലഭിച്ചേക്കും.
നിലവില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയാണെന്നത് കൊണ്ട് മാത്രം രാജീവിനെ മാറ്റി നിര്‍ത്തില്ലെന്നും പാര്‍ലമെന്റായാലും നിയമസഭയായാലും രാജീവിനെ പോലെ കഴിവ് തെളിയിച്ചവര്‍ നിയമനിര്‍മ്മാണ സഭയില്‍ അനിവാര്യമാണെന്നുമുള്ള നിലപാടിലാണ് സിപിഎം നേതൃത്വം.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ പിണറായി നയിക്കുന്ന നവകേരള മാര്‍ച്ചിന് ശേഷമേ തുടങ്ങൂവെന്നതിനാല്‍ ഇക്കാര്യത്തില്‍ പരസ്യമായ അഭിപ്രായ പ്രകടനത്തിന് ഇപ്പോള്‍ നേതാക്കള്‍ തയ്യാറല്ല.
മുന്‍പ് രാജ്യസഭയില്‍ കാലാവധി പൂര്‍ത്തിയാക്കിയ രാജീവിനെ അനുമോദിച്ച് സംസാരിച്ച ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലി രാജീവിനെ വീണ്ടും പാര്‍ലമെന്റിലെത്തിക്കാന്‍ സിപിഎം ജനറല്‍ സെക്രട്ടറി കൂടിയായ രാജ്യസഭാംഗം സീതാറാം യച്ചൂരിയോട് ആവശ്യപ്പെട്ടത് ദേശീയതലത്തില്‍ തന്നെ വലിയ വാര്‍ത്തയായിരുന്നു.
സഭയില്‍ ഏവരുടെയും പ്രശംസ നേടത്തക്ക വിധമായിരുന്നു രാജീവിന്റെ പ്രവര്‍ത്തനമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ഗുലാം നബി ആസാദും മായാവതിയും ശരത് യാദവും ഡെറിക് ഒബ്രിയനും ജെയ്റ്റ്‌ലിയെ പിന്തുണച്ച് രാജീവിന് അഭിനന്ദനം അറിയിച്ചു.
പാര്‍ട്ടി ഇപ്പോള്‍ പ്രധാനപ്പെട്ട ചുമതലയാണ് രാജീവിന് നല്‍കിയിരിക്കുന്നതെന്നും സഭയുടെ വികാരം പരിഗണിച്ച് രാജീവിനെ തിരിച്ചുകൊണ്ടുവരുന്ന കാര്യം ആലോചിക്കാമെന്നും യെച്ചൂരി അന്ന് മറുപടി നല്‍കിയിരുന്നു.
രാജീവ് സഭാ ചട്ടങ്ങളുടെ വിജ്ഞാനകോശമാണന്നാണ് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് വിശേഷിപ്പിച്ചത്. പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡുവും പി.രാജീവിനെ ഏറെ പ്രശംസിച്ചു. ആര്‍ക്കും അസൂയ തോന്നുന്ന ഒരു രാഷ്ട്രീയക്കാരനാണ് രാജിവെന്നായിരുന്നു വെങ്കയ്യനായിഡുവിന്റെ പ്രസ്താവന.
ആഴത്തിലുളള അറിവും ദീര്‍ഘവീക്ഷണവും കൈമുതലായുളള രാജീവ് പൊതുവെ മിതവാദിയാണെങ്കിലും പുതിയ തലമുറയിലെ സിപിഎം ബുദ്ധിജീവിയായാണ് അറിയപ്പെടുന്നത്. എസ്എഫ്‌ഐ എറണാകുളം ജില്ലാ സെക്രട്ടറിയായിരിക്കുമ്പോഴും സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങള്‍ അലങ്കരിച്ചപ്പോഴും നിരവധി തവണ പോലീസിന്റെ മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ട്.
പാര്‍ലമെന്ററി രംഗത്ത് വീണ്ടും സജീവമാകുന്നത് സംബന്ധിച്ച് രാജീവ് മനസ്സ് തുറന്നില്ലെങ്കിലും പാര്‍ട്ടി അത്തരമൊരു നിര്‍ദ്ദേശം ചര്‍ച്ച ചെയ്ത് തീരുമാനിച്ചാല്‍ അദ്ദേഹം എറണാകുളം ജില്ലയിലെ പാര്‍ട്ടി ശക്തി കേന്ദ്രത്തില്‍ തന്നെ മത്സരിക്കാനാണ് സാധ്യത.