ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് മൂന്ന് അംഗ സമിതി പഠിച്ചു വരികയാണെന്ന് മന്ത്രി പി രാജീവ്

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് മൂന്ന് അംഗ സമിതി പഠിച്ചു വരികയാണെന്ന് മന്ത്രി പി രാജീവ്. ഈ പഠന റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ സമഗ്രമായ നിയമ നിര്‍മ്മാണം അലോചിക്കൂ എന്നും മന്ത്രി പറഞ്ഞു.

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഡബ്ല്യൂ സി സി അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. റിപ്പോര്‍ട്ടിന്‍മേല്‍ സമഗ്ര നിയമ നിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച.

ഹേമ കമ്മീഷന്‍ ശുപാര്‍ശയിന്‍ മേല്‍ നിര്‍മ്മാണത്തിന് മുന്‍പ് തങ്ങളുമായി ചര്‍ച്ച നടത്തണമെന്ന് ഡബ്ലു സി സി അംഗങ്ങള്‍ ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു. കൊച്ചി കുസാറ്റ് ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു ഡബ്ല്യൂ സി സി അംഗങ്ങളുടെ മന്ത്രിയുമായുള്ള കൂടിക്കാഴ്ച. ഡബ്ല്യൂസിസി അംഗങ്ങളായ റിമ കല്ലിങ്കല്‍, ആശ അച്ചു ജോസഫ്, രഞ്ജിനി, ദിവ്യ ഗോപിനാഥ്, മിത എംസി, ജീവ ഗഖ, സംഗീത ജനചന്ദ്രന്‍ എന്നിവരായിരുന്നു മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

കഴിഞ്ഞ ദിവസം ഡബ്ല്യൂസിസി അംഗങ്ങള്‍ വനിത കമ്മീഷന്‍ അധ്യക്ഷ പി സതീദേവിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഇടപെടണമെന്ന് ആവശ്യവുമായാണ് അംഗങ്ങള്‍ വനിത കമ്മീഷനെ സമീപിച്ചത്. കോഴിക്കോട് നടത്തിയ വനിതാ കമ്മീഷന്‍ സിറ്റിങ്ങിനിടെ ഗസ്റ്റ് ഹൗസിലാണ് ഡബ്ല്യുസിസി അംഗങ്ങള്‍ വനിതാ കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയത്.

Top