തിരുവനന്തപുരം: ലോകത്താദ്യമായി ഗ്രഫീന്‍ നയം പ്രഖ്യാപിക്കുന്ന സംസ്ഥാനമാകാന്‍ ഒരുങ്ങുകയാണ് കേരളമെന്ന് മന്ത്രി പി രാജീവ്. തയ്യാറാക്കി കഴിഞ്ഞ നയം ഉടനെ പ്രഖ്യാപിക്കുമെന്ന് മന്ത്രി അറിയിച്ചു. ഗ്രഫീന്‍ ഇന്‍ക്യുബേഷന്‍ സെന്റര്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇതിനാവശ്യമായ സ്ഥലം പാലക്കാട് കണ്ടെത്താനുള്ള നടപടികളും കിന്‍ഫ്രയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. ഗ്രഫീനില്‍ മറ്റൊരു കേരള മാതൃക ഉയരുമെന്നുറപ്പാണെന്നും മന്ത്രി രാജീവ് പറഞ്ഞു.
നാളെയുടെ പദാര്‍ഥം എന്നു വിശേഷിപ്പിക്കുന്ന ഗ്രഫീന്‍ അധിഷ്ഠിത വ്യാവസായികോല്‍പ്പാദനത്തിന് കഴിഞ്ഞ ഫെബ്രുവരിയില്‍ കേരളത്തില്‍ തുടക്കമായിരുന്നു. ഇലക്ട്രിക്, ഇലക്ട്രോണിക് വ്യവസായങ്ങളില്‍ ഉള്‍പ്പെടെ ഗ്രഫീന് വന്‍സാധ്യതയാണുള്ളത്. സ്വാഭാവിക സിന്തറ്റിക് റബര്‍ ഗുണനിലവാരം ഉയര്‍ത്തല്‍, കൊറോഷന്‍ കോട്ടിങ്, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി ചാര്‍ജിങ് വേഗം വര്‍ധിപ്പിക്കല്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്ക് ഗ്രഫീന്‍ ഉപയോഗിക്കുന്നുണ്ട്.