കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭൂമി ഏറ്റെടുക്കല്‍ ഡിസംബറിന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് പി രാജീവ്

പാലക്കാട്: കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭൂമി ഏറ്റെടുക്കല്‍ ഡിസംബറിന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമലിന് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ ഭൂമി തിരിച്ചെടുക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചതായും മന്ത്രി പറഞ്ഞു.

കൊച്ചിയേയും ബംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന കൊച്ചി ബംഗളൂരു വ്യാവസായിക ഇടനാഴിക്കായുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുന്നതായാണ് വ്യവസായ വകുപ്പിന്റെ വിലയിരുത്തല്‍. അടുത്ത വര്‍ഷത്തോടെ പദ്ധതിയുടെ നിര്‍മ്മാണം ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പാലക്കാട്, കണ്ണമ്പ്ര, പുതുശ്ശേരി എന്നിവിടങ്ങളിലായി 1843 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 2019 സെപ്റ്റംബറില്‍ ഇടനാഴിക്ക് കേന്ദ്ര അനുമതി ലഭിച്ചെങ്കിലും ഭൂമിയേറ്റെടുക്കല്‍ ഉള്‍പ്പടെയുള്ള നടപടികള്‍ക്കുണ്ടായ കാലതാമസം പദ്ധതി വൈകിച്ചു.

അതിനിടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമലിന് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ ഉപയോഗിക്കാതെ കിടക്കുന്ന 226 ഭൂമി തിരിച്ചെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചതായും വ്യവസായ മന്ത്രി പറഞ്ഞു. ബാങ്കുകള്‍ പല കാരണങ്ങള്‍ പറഞ്ഞ് വായ്പ അനുവദിക്കുന്നില്ലെന്ന വ്യവസായികളുടെ പരാതിയില്‍ അടുത്ത 13 ന് ബാങ്ക് പ്രതിനിധികളുടെയും സംരംഭകരുടെയും യോഗം വിളിച്ചിട്ടുണ്ടെന്നും വ്യവസായ മന്ത്രി വ്യക്തമാക്കി.

Top