എൽഡിഎഫിന്റെ ലക്ഷ്യം 100 സീറ്റ്; സിൽവർലൈൻ ഇടതിന് ഗുണമാകും: പി രാജീവ്

P RAJEEV

കൊച്ചി∙ 100 സീറ്റിലേക്ക് എത്തുകയാണ് എൽഡിഎഫ് ലക്ഷ്യമെന്ന് മന്ത്രി പി.രാജീവ്. തൃക്കാക്കരയില്‍ ഇടതുസര്‍ക്കാരിന്റെ വികസനകാഴ്ചപ്പാട് ചര്‍ച്ചയാകും. നാലുവര്‍ഷം പാഴാക്കേണ്ടതില്ല എന്നാകും വോട്ടര്‍മാര്‍ ചിന്തിക്കുക. സില്‍വര്‍ലൈന്‍ ഉൾപ്പെടെ ചര്‍ച്ച ചെയ്യുന്നത് നല്ലകാര്യമെന്നും വികസനത്തിനൊപ്പം നില്‍ക്കുന്നവരെ എല്‍ഡിഎഫ് കൂടെ കൂട്ടുമെന്നും മന്ത്രി പറഞ്ഞു. ഇന്നത്തെ സാഹചര്യവും വികസനത്തിന്റെ കാഴ്ച്ചപ്പാടും മുൻനിർത്തി എൽഡിഎഫിനൊപ്പം അണിചേരുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നത്. അതിൽ എല്ലാ പാർട്ടിയിലെ ആളുകളുമുണ്ടാകാമെന്നും പി. രാജീവ് പറഞ്ഞു.

‘ബിജെപി–കോൺഗ്രസ് വികസനവിരുദ്ധ നിലപാട് സ്വീകരിക്കുന്നു. മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗം കേരളത്തിൽ വന്ന് സിൽവർലൈൻ പദ്ധതിക്കെതിരെ വീടുകൾ തോറും കയറി പ്രചാരണം നടത്തുന്നു. എന്നാൽ കോൺഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയിൽ അദ്ദേഹം ചുണ്ടുപോലും അനക്കുന്നില്ല. മഹാരാഷ്ട്രയിൽ യാതൊരു മാനദണ്ഡവും പാലിക്കാതെ അതിവേഗ ട്രെയിൻ നടപ്പാക്കുന്നു. എന്നാൽ ഇതൊന്നും കേരളത്തിൽ പാടില്ലെന്ന് ഇരുകൂട്ടരും വാദിക്കുന്നു.’–പി. രാജീവ് പറഞ്ഞു.

Top