കാവി രാഷ്ട്രീയത്തിന്റെ പ്രതിരൂപമായി ചാനല്‍ ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെടുന്ന സാക്ഷാല്‍ മേജര്‍ രവി പോലും രാജീവിനു വേണ്ടി വോട്ട് ചോദിക്കുമ്പോള്‍ മര്‍ദ്ദിച്ച കാക്കിക്ക് പോലും ഒഴിഞ്ഞ് നില്‍ക്കാനായില്ല. കാല്‍ നൂറ്റാണ്ടിനു മുന്‍പ് എസ്.എഫ്.ഐ നേതാവായിരുന്ന പി.രാജീവിനെ ഉടുതുണി പോലും വലിച്ചു കീറി മര്‍ദ്ദിച്ച് പൊലീസ് വാനിലേക്ക് എറിഞ്ഞ സി.ഐ മാര്‍ട്ടിന്‍ കെ മാത്യുവാണ് രാജീവിന് വിജയാശംസ നേരാന്‍ എത്തിയത്.രാജീവിനെ മര്‍ദ്ദിച്ച് പിടിച്ച് കൊണ്ടു പോകുന്ന ദൃശ്യവും രാജീവിന്റെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ ഈ മുന്‍ സി.ഐ ഇരിക്കുന്ന ദൃശ്യങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായി കഴിഞ്ഞു.
1994 നവംബല്‍ 25ന് കണ്ണൂര്‍ കൂത്തുപറമ്പില്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ പ്രതിഷേധിച്ച് എറണാകുളത്ത് അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പി രാജീവിനെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ചശേഷം സ്റ്റേഷനിലേക്ക് പിടിച്ച് കൊണ്ട് പോയിരുന്നത്. കൂത്തുപറമ്പില്‍ 5 ഡി വൈ. എഫ്. ഐ -എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതോടെ സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും ശക്തമായ പ്രതിഷേധത്തിനൊടുവില്‍ സാക്ഷാല്‍ കരുണാകരന് പോലും പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. ചോരയില്‍ മുക്കിക്കൊല്ലാന്‍ കരുണാകരന്റെ പൊലീസ് ശ്രമിച്ച 1994 ലെ ആ പ്രക്ഷോഭത്തിന് എറണാകുളത്ത് നേത്യത്വം നല്‍കിയ നേതാവായിരുന്നു പി. രാജീവ്. മുന്നില്‍ നിന്നും ആദ്യ അടി സ്വയം ഏറ്റുവാങ്ങുന്ന ഈ നേതാവ് വിദ്യാര്‍ത്ഥി യുവജന പ്രവര്‍ത്തകര്‍ക്ക് അന്നും ഇന്നും ആവേശമാണ്.
കൊച്ചി എം ജി റോഡിലുള്ള അബാദ് പ്ലാസയിലെ നേത്ര ഡോക്ടര്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ മുഖ്യമന്ത്രി കെ കരുണാകരനെ കരിങ്കൊടി കാട്ടി പ്രതിഷേധിക്കാനാണ് അന്നത്തെ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി പി രാജീവിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ സംഘടിച്ചെത്തിയത്. കരിങ്കൊടിയുമായി മുഖ്യമന്ത്രിയുടെ കാറിന് മുന്നിലേക്ക് ഓടി വന്ന രാജീവ് അടക്കമുള്ളവരെ പൊലീസ് അതിക്രൂരമായാണ് മര്‍ദ്ദിച്ചത്. പൊലീസ് മര്‍ദ്ദനത്തില്‍ രാജീവിന്റെ വാരിയെല്ല് ഒടിഞ്ഞു. കാലിന്റെ അടിവെള്ളയിലൂടെ ചോര വാര്‍ന്ന് രക്തത്തില്‍ കുളിച്ച് മുദ്രാവാക്യം മുഴക്കിയ രാജീവിനെ വലിച്ചിഴച്ചാണ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയത്.
വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ നിലയില്‍ അദ്ദേഹത്തെ ജീപ്പിലേക്ക് വലിച്ചിട്ടത് അന്നത്തെ കൊച്ചിന്‍ ഹാര്‍ബര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന ഈ മാര്‍ട്ടിനാണ്. 2006 ല്‍ ക്രൈം ബ്രാഞ്ച് എസ് പിയായി സര്‍വീസില്‍ നിന്ന് റിട്ടയര്‍ ചെയ്ത മാര്‍ട്ടിന്‍ കഴിഞ്ഞ ദിവസം എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന എല്‍ഡിഎഫ് എറണാകുളം മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് സജീവമായി പങ്കെടുത്തിരുന്നത് .ഈ മുന്‍ പൊലീസ് ഓഫീസര്‍ക്കും ഇപ്പോള്‍ രാജീവിനക്കുറിച്ച് മതിപ്പു മാത്രം. കിടയറ്റ സംഘാടകന്‍. നല്ല പ്രസംഗകന്‍. ശരി എന്ന് തോന്നുന്ന നിലപാടുകള്‍ക്കു വേണ്ടി ഏതറ്റം വരെയും പോകുന്നതിനുള്ള മനക്കരുത്തും അര്‍പ്പണബോധവും. ഇക്കാര്യങ്ങള്‍ തന്നെ ആകര്‍ഷിച്ചതായി ഈ മുന്‍ പൊലീസ് ഓഫീസര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
തുടര്‍ച്ചയായ വിദ്യാര്‍ത്ഥി സമരത്തിന്റെ നാളുകളില്‍ സംഘര്‍ഷ സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് ചിലപ്പോഴൊക്കെ ഭീഷണിയുടെ രീതി പ്രയോഗിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും രാജീവ് വഴങ്ങിയിരുന്നില്ലെന്നും നടത്താന്‍ തീരുമാനിച്ച ഒരു പരിപാടിയില്‍ നിന്നും അദ്ദേഹം പിന്നോട്ടു പോയിരുന്നില്ലെന്നും മാര്‍ട്ടിന്‍ ചൂണ്ടിക്കാട്ടി.
എറണാകുളത്തെ അഭിഭാഷകനായ അഡ്വ.സി എം നാസറാണ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയിലെത്തിയ മുന്‍ എസ്പിയുടെ ചിത്രം പകര്‍ത്തിയത്. ഉശിരുള്ള ആ വിദ്യാര്‍ഥി നേതാവിനെക്കുറിച്ച് രണ്ടുവട്ടം ദേശീയ പൊലീസ് അവാര്‍ഡ് നേടിയിട്ടുള്ള ഈ റിട്ട. പൊലീസ് ഓഫീസര്‍ക്ക് പറയാന്‍ ഇനിയുമേറെയുണ്ട്.
മെട്രോ പദ്ധതിയില്‍ നിന്നും ഇ ശ്രീധരനെ ഒഴിവാക്കുന്നതിനുള്ള നീക്കത്തെ പരാജയപ്പെടുത്താന്‍ രാജീവിന് കഴിഞ്ഞതും ഈ തളരാത്ത അര്‍പ്പണബോധവും സാമൂഹ്യ പ്രതിബദ്ധതയും കൊണ്ടുതന്നെയാണെന്നാണ് മാര്‍ട്ടിന്റെ അഭിപ്രായം. അല്ലെങ്കില്‍ മെട്രോ ഇപ്രകാരം യാഥാര്‍ത്ഥ്യമാവുമായിരുന്നില്ല. നിയമ നിര്‍മ്മാണ സഭയിലും നന്നായി ശോഭിച്ച രാജീവിന് വേണ്ടി തന്നാല്‍ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യാനുള്ള മനസോടെയാണ് മാര്‍ട്ടില്‍ തെരഞ്ഞെടുപ്പ് വേദിയിലെത്തിയത്.