P Sadasivam speech for IAS officers

തിരുവനന്തപുരം: സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ മുന്‍ഗണന നല്‍കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം.

ഉദ്യോഗസ്ഥ തലവന്‍ എന്ന നിലയില്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ കര്‍ഷകരുടേയും തൊഴിലാളികളുടേയും സംരക്ഷണം ഉറപ്പുവരുത്തണം. വില്ലേജ് തലത്തില്‍ നിന്നുള്ള പുരോഗമനമാണ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ലക്ഷ്യമിടേണ്ടത്. സാധാരണക്കാരനെ ബാധിക്കുന്ന ഫയലുകള്‍ വച്ച് വൈകിപ്പിക്കുന്നത് സമൂഹത്തിനോടുള്ള നീതി നിഷേധമാണ്. ഏത് വകുപ്പിന്റെ ചുമതല ലഭിച്ചാലും അതിന്റെ നിയമവും നിര്‍ദ്ദേശങ്ങളും വിലയിരുത്തിവേണം മുന്നോട്ടുപോകാനെന്നും അദ്ദേഹം പറഞ്ഞു.

വകുപ്പുതല തീരുമാനം എടുക്കുന്നതിന് മുമ്പ് പ്രവര്‍ത്തിപരിചയമുള്ള ഉദ്യോഗസ്ഥരുമായും ചര്‍ച്ചചെയ്യണം. വ്യക്തവും ധീരവും മാതൃകാപരവുമാവണം ഉത്തരവുകള്‍. ഏത് സംസ്ഥാനത്ത് ജോലിചെയ്താലും അവിടത്തെ സംസ്‌കാരവും രീതിയും മനസിലാക്കിവേണം പ്രവര്‍ത്തിക്കേണ്ടതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

Top