തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മിഷന്റെ പുതിയ അധ്യക്ഷയായി അഡ്വ പി. സതീദേവി ഒക്ടോബര്‍ ഒന്നിന് ചുമതലയേല്‍ക്കും. സിപിഎം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമാണ് പി. സതീദേവി. 2004ല്‍ വടകരയില്‍ നിന്നുള്ള ലോക്‌സഭാ അംഗമായിരുന്നു. സതീദേവിയെ കമ്മിഷന്‍ അധ്യക്ഷയാക്കാന്‍ നേരത്തെ തന്നെ ധാരണയായിരുന്നു.
എംസി ജോസഫൈന്‍ രാജിവെച്ച ഒഴിവിലേക്കാണ് പുതിയ അധ്യക്ഷയായി സതീദേവിയെ സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. സ്ത്രീധന പീഡനം സംബന്ധിച്ച് പരാതി പറഞ്ഞ യുവതിയോട് മോശമായി പെരുമാറിയതു വന്‍ വിവാദമായതിനെ തുടര്‍ന്നാണ് മുന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ രാജിവെച്ചത്. കാലാവധി അവസാനിക്കാന്‍ എട്ട് മാസം ബാക്കിയുള്ളപ്പോഴായിരുന്നു ജോസഫൈന്‍ന്റെ രാജി.