തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷയായി അഡ്വ.പി സതീദേവി ചുമതലയേറ്റു. സംസ്ഥാനത്തെ ഏഴാമത് വനിതാ കമ്മിഷന്‍ അധ്യക്ഷയാണ് പി സതീദേവി. പാര്‍ട്ടി വ്യത്യാസമില്ലാതെ പരാതികള്‍ പരിഹരിക്കുമെന്ന് നിയുക്ത വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
സ്ത്രീകളുടെ അവകാശം സംരക്ഷിക്കാന്‍ ശക്തമായ ഇടപെടല്‍ കമ്മിഷന്റെ ഭാഗത്തുനിന്നുണ്ടാകും. കമ്മിഷന്‍ അധ്യക്ഷയെന്ന നിലയില്‍ നിഷ്പക്ഷമായി പ്രവര്‍ത്തനം നടത്തും. സ്ത്രീധനം നല്‍കുന്ന രീതി എല്ലാ സമുദായത്തിലും വര്‍ധിച്ചുവരികയാണ്. ആത്മാഭിമാനത്തോടെ ജീവിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് കരുത്ത് നല്‍കണം. ആണ്‍-പെണ്‍ തുല്യത ഉണ്ടാകേണ്ടത് കുടുംബങ്ങളില്‍ നിന്നാണെന്നും സതീദേവി വ്യക്തമാക്കി.
സ്ത്രീവിരുദ്ധമായ ആശയങ്ങള്‍ ഇന്നും സമൂഹത്തില്‍ പ്രകടമാകുന്നുണ്ട്. പരാതിക്കാരോട് ഒരു വിവേചനവും ഉണ്ടാകാത്ത പ്രവര്‍ത്തനം നടത്തും. കമ്മിഷനെതിരെ ഉയര്‍ന്ന എല്ലാ പരാതികളും പരിഹരിച്ചുകൊണ്ടായിരിക്കും പ്രവര്‍ത്തനമെന്നും പി സതീദേവി അറിയിച്ചു.
സിപിഐഎം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമാണ് പി. സതീദേവി. 2004ല്‍ വടകരയില്‍ നിന്നുള്ള ലോക്‌സഭാ അംഗമായിരുന്നു. സതീദേവിയെ കമ്മിഷന്‍ അധ്യക്ഷയാക്കാന്‍ നേരത്തെ തന്നെ ധാരണയായിരുന്നു. എംസി ജോസഫൈന്‍ രാജിവെച്ച ഒഴിവിലേക്കാണ് പുതിയ അധ്യക്ഷയായി സതീദേവിയെ സര്‍ക്കാര്‍ നിയമിച്ചത്.