ദത്ത് വിവാദം; അനുമപയുടേത് ന്യായമായ ആവശ്യം, വനിതാ കമ്മിഷന്‍ ഒപ്പമുണ്ടെന്ന് സതീദേവി

തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അമ്മയ്ക്കൊപ്പമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി. അനുമപയുടേത് ന്യായമായ ആവശ്യമാണെന്ന് പി സതീദേവി പറഞ്ഞു.

ഇക്കാര്യത്തില്‍ പൊലീസിന്റെയും ശിശുക്ഷേമ സമിതിയുടെയും റിപ്പോര്‍ട്ടിന് ശേഷം നടപടി സ്വീകരിക്കുമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പ്രതികരിച്ചു.

സംഭവത്തില്‍ ശിശുക്ഷേമ സമിതിയും സിഡബ്‌ള്യുസിയും ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ച് അനുപമ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ശിശുക്ഷേമ സമിതിയും സി ഡബ്‌ള്യു സിയും പറയുന്നതില്‍ ആശയകുഴപ്പമുണ്ട്. പരസ്പരം പഴിചാരുകയാണ്. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന്റെ മാത്രം തെറ്റെന്നാണ് സി ഡബ്‌ള്യു സിയുടെ നിലപാടെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അനുപമ വ്യക്തമാക്കിയിരുന്നു.

നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജെ. എസ് ഷിജു ഖാനെയും, സി ഡബ്ല്യു സി ചേര്‍പേഴ്സണ്‍ എന്‍ സുനന്ദയേയും സംരക്ഷിക്കുകയാണെന്നും അനുപമ ആരോപിച്ചിരുന്നു.

Top