വെല്ലുവിളികളെ നേരിട്ട ‘ശ്രീരാമ’ ചരിത്രം, പറയാനുണ്ട് മുൻ സ്പീക്കർക്ക് ചിലതെല്ലാം . . .

തിരാളികളുടെ ആരോപണങ്ങളെ ഏറ്റവും അധികം നേരിടേണ്ടി വന്ന ഒരു സി.പി.എം നേതാവാണ് പി. ശ്രീരാമകൃഷ്ണന്‍. രണ്ടു തവണ പൊന്നാനിയുടെ ജനപ്രതിനിധിയായ ശ്രീരാമകൃഷ്ണന്‍ പൊന്നാനി മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ കണ്ണഞ്ചിപ്പിക്കുന്നതാണ്. വലിയ വെല്ലുവിളികള്‍ക്കിടയിലും ഈ മണ്ഡലത്തില്‍ ഹാട്രിക് തികയ്ക്കാന്‍ സി.പി.എമ്മിനു സാധിച്ചതിന് പിന്നിലും ഈ വികസന പ്രവര്‍ത്തനങ്ങളും നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. രാജ്യത്തെ മികച്ച സ്പീക്കര്‍ക്കുള്ള പുരസ്‌ക്കാരം ശ്രീരാമകൃഷ്ണനെ തേടിയെത്തിയത് പുതിയ കാലത്ത് അദ്ദേഹം നടപ്പാക്കിയ പരിഷ്‌ക്കാരങ്ങള്‍ക്കുള്ള വലിയ ഒരു അംഗീകാരം കൂടിയാണ്.

ഇത്തവണ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നും തല്‍ക്കാലം മാറി നിന്നെങ്കിലും സംഘടനാ പ്രവര്‍ത്തനവുമായി കൂടുതല്‍ ശക്തമായാണ് ഈ കമ്യൂണിസ്റ്റ് മുന്നോട്ട് പോകുന്നത്. പാര്‍ട്ടി ഏല്‍പ്പിച്ച ഏത് ദൗത്യവും കൃത്യമായി നടപ്പാക്കുന്ന ശ്രീരാമകൃഷ്ണന്‍ എക്‌സ്പ്രസ്സ് കേരളക്ക് അനുവദിച്ച അഭിമുഖത്തിന്റെ ആദ്യഭാഗം ചുവടെ :-

ഒന്നാം ഇടതുപക്ഷ സര്‍ക്കാറിന്റെ കാലത്ത് ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ട രണ്ടു നേതാക്കള്‍ പിണറായി വിജയനും താങ്കളുമാണ്. ഒടുവില്‍ കേന്ദ്ര ഏജന്‍സികള്‍ക്കു തന്നെ പിന്‍വാങ്ങേണ്ടിയും വന്നു. എന്താണ് ഇതേക്കുറിച്ച് പറയാനുള്ളത്?

ഇന്ന് അതേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ വല്ലാത്ത തമാശയാണ് തോന്നുന്നത്. അന്ന് തന്നെ എന്നോട് രാഷ്ട്രീയ സുഹൃത്തുക്കളില്‍ പലരും പറഞ്ഞതാണ് ഇതിനെ വ്യക്തിപരമായി എടുക്കേണ്ടെന്ന്. ഞാന്‍ അതിനെ വ്യക്തിപരമായി എടുത്തിരുന്നില്ല. പക്ഷേ, പലപ്പോഴും വ്യക്തിപരമായാണല്ലോ ആക്ഷേപം ഉന്നയിക്കപ്പെട്ടിരുന്നത്. അതുകൊണ്ടു തന്നെ അന്ന് അതില്‍ പ്രയാസം നേരിട്ടിരുന്നു. എന്നാല്‍ അവയെല്ലാം മാനിപ്പുലേറ്റഡ് ആയിരുന്നു. എല്ലാം ആരെല്ലാമോ എവിടെ നിന്നെല്ലാമോ സൃഷ്ടിക്കപ്പെട്ട കഥകളായിരുന്നുവെന്ന് നമ്മളെല്ലാം അന്ന് തന്നെ പറഞ്ഞിരുന്നതാണ്. ആ പറഞ്ഞിരുന്നതെല്ലാം ശരിയാണെന്ന് ഇപ്പോള്‍ തെളിയിക്കപ്പെട്ടു. സത്യം എന്നത് എത്ര ആഴത്തില്‍ കുഴിച്ചിട്ടാലും അത് പുറത്തു വരും. സച്ചിദാനന്ദന്റെ ‘നാവുമരം’ എന്ന കവിത ഉദ്ധരിച്ച് ഞാന്‍ ഒരിക്കല്‍ പറയുകയുണ്ടായി. ഒരു നാട്ടിലെ സത്യം പറയുന്ന എല്ലാ നാവുകളും അരിഞ്ഞ് ഒരു പൊട്ടക്കിണറ്റില്‍ ഇട്ടു, അവിടെ സത്യം പറയുന്ന നാവുകള്‍ ഇല്ലാതായി. കുറേക്കാലം കഴിഞ്ഞപ്പോള്‍ കിണറ്റില്‍ നിന്ന് ഒരു വൃക്ഷം പൊട്ടിമുളച്ചു. അതിന് ഇലകള്‍ ഉണ്ടായി, ആ ഇലകളെല്ലാം സത്യം പറയുന്ന ഇലകളായി മാറി. അടിയന്തിരാവസ്ഥ കാലത്ത് എഴുതിയ കവിതയാണ്. അതായത് സത്യത്തിന് ഒരു കുഴപ്പമുണ്ട് അത് പുറത്തുവരും. അതാണ് സത്യത്തില്‍ അന്ന് ഉണ്ടായത്.

ഈ ആരോപണങ്ങളെല്ലാം കത്തി നിന്ന തെരഞ്ഞെടുപ്പില്‍, ഇടതുപക്ഷം ചരിത്ര വിജയം നേടിയപ്പോള്‍ എന്താണ് തോന്നിയത്?

അതായത്, രാഷ്ട്രീയമെന്ന് പറയുന്നത് എന്താണെന്നുള്ള കാര്യത്തെക്കുറിച്ച് പൊതുസമൂഹം മനസിലാക്കുന്നതിന് മുന്‍പ് രാഷ്ട്രീയ പ്രവര്‍ത്തകര്‍ കുറച്ച് മനസിലാക്കേണ്ടതായിട്ടുണ്ട്. രാഷ്ട്രീയ സാഹചര്യത്തില്‍ ഒരു സമൂഹത്തില്‍ നടക്കേണ്ട നന്മകളെക്കുറിച്ചും മനുഷ്യന്റെ ജീവല്‍പ്രശ്നങ്ങളെക്കുറിച്ചും ഊന്നിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ആളുകള്‍ക്ക് പൊതുവേ താല്‍പര്യം. അപവാദങ്ങളുടെയും നെഗറ്റീവ് എനര്‍ജിയുടെയും മാത്രം രീതി സ്വീകരിച്ചാല്‍ അത് ജനം തള്ളിക്കളയും. കേരളത്തില്‍ എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ അഞ്ച് വര്‍ഷക്കാലം അങ്ങനെ അച്ചടക്കത്തോടുകൂടി എങ്ങനെ ജനങ്ങളോടൊപ്പം നില്‍ക്കാമെന്നും അത് നിര്‍വഹിക്കുകയുമാണ് ചെയ്യുന്നത്. അതൊന്നും വിലയിരുത്താതെ എവിടെന്നോ ഉണ്ടാക്കിയ കഥകള്‍ വച്ചിട്ട് വ്യക്തിഹത്യകള്‍ പോലെയുള്ള വാഖ്യാനങ്ങള്‍ കൊണ്ടുവന്നാല്‍ അത് സ്വീകരിക്കാന്‍ ഞങ്ങളെ കിട്ടില്ലെന്ന് കേരളം തെളിയിച്ചു. അതാണ് സംഭവിച്ചത്. ഇതൊരു പാഠമാണ്. വ്യക്തിഹത്യയല്ല രാഷ്ട്രീയത്തില്‍ സ്വാധീനം കിട്ടാന്‍ ചെയ്യേണ്ട കാര്യം. ക്രീയേറ്റീവ് വിമര്‍ശനങ്ങളാണിത്. ക്രിയാത്മാകമായ വിമര്‍ശനങ്ങള്‍ ജനങ്ങളെ ആകൃഷ്ടരാക്കും. ക്രിയാത്മകമല്ലാത്ത കഥകള്‍ ജനങ്ങളെ വെറുപ്പിക്കും.

പൊന്നാനിയെ രണ്ടു തവണ പ്രതിനിധീകരിച്ചപ്പോള്‍ ലഭിച്ച അനുഭവം എന്തായിരുന്നു? നടപ്പാക്കിയ പ്രധാന പദ്ധതികള്‍ എന്തൊക്കെയായിരുന്നു?

എന്നെ സംബന്ധിച്ചിടത്തോളം പൊന്നാനി സ്നേഹത്തിന്റെ ഒരു അക്ഷയഖനിയാണ്. അപ്രതീക്ഷിതമായാണ് ഞാനവിടെ ചെല്ലുന്നത്. ഡിവൈഎഫ്ഐയുടെ ദേശീയ ഭാരവാഹിയായിരിക്കുമ്പോള്‍ ഉത്തരേന്ത്യയില്‍ ഒരു സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോളാണ് തന്നോട് പൊന്നാനിയില്‍ മത്സരിക്കണമെന്നാവശ്യപ്പെട്ട് അറിയിപ്പ് വരുന്നതും താന്‍ അവിടെ ചെല്ലുന്നതും. വല്ലാത്തൊരു സ്നേഹത്തോടു കൂടിയായിരുന്നു അവിടെ തന്നെ സ്വീകരിച്ചത്. തന്റെ പഴയ കുടുംബപരമായ ഒരു വേര് അവിടെ കിടക്കുന്നുണ്ട്. എന്നാല്‍ അതൊന്നും ജനങ്ങള്‍ക്കിടയില്‍ അറിയില്ല. പത്ത് വര്‍ഷം കൊണ്ട് നൂറ് വര്‍ഷം ആ നാട്ടില്‍ ജീവിച്ച ഒരു മനുഷ്യന്റെ അനുഭവങ്ങളും സ്നേഹങ്ങളും സമ്പാദിക്കാന്‍ കഴിഞ്ഞുവെന്നുള്ളത് തനിക്ക് വളരെ അഭിമാനമുണ്ട് സന്തോഷമുണ്ട്. തന്റെ ജീവിതത്തില്‍ ഏറ്റവും പ്രദേശങ്ങളും ജനങ്ങളും ആരെന്ന് ചോദിച്ചാല്‍ ഇപ്പോള്‍ എനിക്ക് പറയാന്‍ കഴിയും അത് പൊന്നാനിയാണെന്ന്.

പൊന്നാനിയിലെ ഒരു പ്രത്യേകത മലബാറിലെ മക്ക, മതം മാറാനുള്ള സ്ഥലം, മുസ്ലിം കേന്ദ്രം എന്നൊക്കെയാണ് പൊന്നാനിയെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് വരുന്നത്. തീര്‍ച്ചയായും അങ്ങനെയൊക്കെ തന്നെയാണത്. മുസ്ലിം ന്യൂനപക്ഷവും പ്രസിദ്ധമായ അഞ്ഞൂറു വര്‍ഷം പഴക്കമുള്ള ദേവാലയവുമൊക്കെയുള്ള സ്ഥലമാണത്. എന്നാല്‍, വൈവിധ്യങ്ങളുടെ ഒരു ഉത്സവമാണ് പൊന്നാനി. നിള നദി അറബിക്കടലിനോട് ചേരുന്ന സ്ഥലമാണ്. ആ നിള നദിയുടെ തീരത്ത് സോഷ്യോ- എക്കണോമിക്ക് കള്‍ച്ചര്‍ എന്നു പറയുന്നത് ഒരു നദീതട സംസ്‌കാരം പോലെയാണ്, നിളാ തട സംസ്‌കാരം അവിടെയുണ്ട്. അതിനെയൊന്ന് സമാഹരിക്കാന്‍ ഞാന്‍ ശ്രമിച്ചു. എന്റെ ഏറ്റവും പ്രധാനപ്പെട്ടതെന്ന് ഞാന്‍ കരുതുന്ന പരിശ്രമം. നിള സംഗ്രഹാലം എന്ന നിലയില്‍ പണി പൂര്‍ത്തിയായി വരുന്ന നിള കള്‍ച്ചറല്‍ മ്യൂസിയമാണ്. അതില്‍ എംടി മുതല്‍ നിള നദിയുടെ കൈവഴിയായ കുന്തിപ്പുഴയുടെ തീരത്തുള്ള ഇഎംഎസ്, അക്കിത്തം, വിടി ഭട്ടതിരിപ്പാട്, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, കെസിഎസ് പണിക്കര്‍, പറയിപെറ്റ പന്തിരുകുലം, ജാതി വിവേചനത്തിന് എതിരെയുള്ള പോരാട്ടങ്ങള്‍, എംആര്‍ബി, ഐസിപി, ഇടശ്ശേരി, ഉറൂബ്, കെ ദാമോദരന്‍, എം ഗോവിന്ദന്‍ തുടങ്ങി, കംപ്യൂട്ടറിന്റെ കാല്‍ക്കുലസ് കണ്ടുപിടിച്ചത് നിളയുടെ തീരത്ത് നിന്നാണ്. അത് പിന്നീട് യൂറോപിലേക്ക് പോകുകയാണ് ചെയ്തത്. ഇങ്ങനെ എല്ലാ മേഖലയിലുമുള്ള വൈവിധ്യങ്ങളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന മ്യൂസിയം ഒരു ലക്ഷ്യമായിരുന്നു. അത് അവിടെ കൊണ്ടുവന്നു, പിന്നീട് ഒരു ഭാഗത്ത് കവാലി മ്യൂസിക്ക് ഉണ്ട്. കടല്‍പ്പാട്ടുകളുണ്ട്. മറുഭാഗത്ത് തിരുനാവായയും, മാമാങ്കവുമുണ്ട്, തവനൂരിലെ ഗ്രാമങ്ങള്‍ ഇവയെല്ലാം ചേരുന്ന ഇത്രയധികം വശ്യമായ ഒരു സംഗമം അഥവാ സംയോജം സംസ്‌കാരത്തില്‍ സംഭവിച്ചിട്ടുള്ള ഒരു പ്രദേശം വേറെയുണ്ടാവില്ല. ആ വശ്യതയെ പ്രയോജനപ്പെടുത്താന്‍ താന്‍ ശ്രമിച്ചിട്ടുണ്ട്. കുറേയൊക്കെ വിജയിച്ചിട്ടുമുണ്ട്.

രാജ്യത്തെ തന്നെ മികച്ച സ്പീക്കര്‍ക്കുള്ള പുരസ്‌കാരം കിട്ടിയ വ്യക്തി കൂടിയാണ് താങ്കള്‍, നിയമസഭയില്‍ പുതുമകളും നവ ചിന്തകളും കൊണ്ടുവന്നതും താങ്കളാണ്. ഇതിനെല്ലാം പ്രചോദനമായത് എന്താണ്?

പലരും പറയുന്നത് ഞാന്‍ ശ്രദ്ധിക്കാറുണ്ട്, രാജ്യത്തെ മികച്ച സ്പീക്കര്‍ എന്നു പറയുന്നത് ശരിയല്ല. അതോരോ മാനദണ്ഡങ്ങളാണ്. ആ അവാര്‍ഡിന്റെ മാനദണ്ഡങ്ങളില്‍ താന്‍ കയറി വന്നിട്ടുണ്ടാകും. വേറെ മാനദണ്ഡമായിരുന്നെങ്കില്‍ ഒരു പക്ഷേ താനായിക്കോളണമെന്നില്ല. അതുകൊണ്ടുതന്നെ മികച്ച സ്പീക്കര്‍ എന്നുപറയുന്നത് തന്നെ സംബന്ധിച്ചിടത്തോളം ചമ്മലുള്ള കാര്യമാണ്. തരക്കേടില്ലാത്ത കുറേ പ്രവര്‍ത്തനങ്ങള്‍ നടത്തി. തനിക്ക് അവാര്‍ഡ് നല്‍കികൊണ്ട് അവര്‍ താമ്രപത്രം പോലെ വായിച്ച ഒരു കാര്യം ഡെമോക്രസിയെ റീവാംപ് ചെയ്യാന്‍ ശ്രമിച്ചുവെന്നതാണ്. ‘ഡെമോക്രസി എന്നാല്‍, വോട്ടവകാശം മാത്രമല്ല, അത് നമ്മുടെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും വികിരണം ചെയ്യപ്പെടേണ്ട പ്രത്യേകമായ ഒരു മൂല്യ വ്യവസ്ഥിതിയാണ്. ഒരു വാല്യു സിസ്റ്റമാണ്. അങ്ങനെ വരുമ്പോള്‍ ജനാധിപത്യം തുടര്‍ച്ചയായി പുനക്രമീകരിച്ചുകൊണ്ടിരിക്കണം.

ഇപ്പോള്‍, പല രാജ്യങ്ങളിലും ജനാധിപത്യത്തിന്റെ രീതികള്‍ മാറുകയാണ്. ഇന്‍ ടാക്റ്റ് ടു ഡെമോക്രസി വരുന്നു. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ഇടയ്ക്കിടയ്ക്ക് റഫറണ്ടം നടത്തുന്നു. ജനാധിപത്യം നിശ്ചലമായിരിക്കില്ല. എവിടെയൊക്കെയാണോ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുക അതിനുവേണ്ടി ശ്രമിക്കുകയാണ് താന്‍ ചെയ്തത്. നമ്മള്‍ ധാരാളം നിയമങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ആ നിയമങ്ങളുടെ റിയാക്ഷന്‍ എന്താണ്? ആ നിയമങ്ങള്‍ക്ക് ചട്ടങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ വിവിധ സമൂഹങ്ങളിലുണ്ടായ അനുഭവം എന്തായിരുന്നു? അത് എങ്ങനെയാണ് നമ്മുടെ ജീവിതത്തെ സ്വാധീനിച്ചത്?
ഉദ്ദേശിച്ച ടാര്‍ജെറ്റഡ് ഗ്രൂപ്പിന് അതിന്റെ ഗുണം കിട്ടിയോ? ഇതൊന്നും പരിശോധിക്കുന്നില്ല സത്യത്തില്‍. നമ്മള്‍ ആദ്യമായി ഒരു ഇംപാക്ടിന് ശ്രമിച്ചു. ഇത്തരത്തില്‍ ഒരു പത്ത് നിയമങ്ങള്‍ തെരഞ്ഞെടുത്തു. ആ നിയമങ്ങളുടെ ഭാഗമായിട്ട് ലക്ഷ്യം കൈവരിച്ചോ എന്നുള്ള പഠനം നടത്തി. അതായത്, ഡെമോക്രസിയെ സംബന്ധിച്ചും ലോമോക്കിംഗിനെ സംബന്ധിച്ചും നിയമസഭയ്ക്ക് പുറത്ത് റീവാല്യവേഷന്‍, അതൊരു പുതിയ കാര്യമാണ്. അതുപോലെ അമന്‍മെന്റുകള്‍, ഭേദഗതികള്‍ കൊടുക്കണമെങ്കില്‍ എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും മാത്രമേ സാധിക്കുകയുള്ളു.

എന്നാല്‍, നമ്മള്‍ തീരുമാനിച്ചു ആര്‍ക്കും ഭേദഗതികള്‍ കൊടുക്കാമെന്ന്. ഒരു നിയമം കരട് പ്രസിദ്ധീകരിക്കുന്നതോടെ അത് പബ്ലിക്ക് ഡോക്യുമെന്റായി മാറുകയാണ്. അതില്‍ ആര്‍ക്ക് അഭിപ്രായമുണ്ടെങ്കിലും സ്പീക്കര്‍ക്ക് സമര്‍പ്പിക്കാം. സ്പീക്കര്‍ അത് നിയമസഭയിലേക്ക് കൈമാറും. അങ്ങനെ നിയമ നിര്‍മ്മാണത്തില്‍ ഒരു പബ്ലിക്ക് ഇന്ററാക്ഷന്‍ കൊണ്ടുവന്നു. മറ്റൊന്ന് പബ്ലിക്ക് പോളിസിക്ക് വേണ്ടി ഒരു സ്‌കൂള്‍, അത് നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. മറ്റൊന്ന് ഫെസ്റ്റുവല്‍ ഓഫ് ഡെമോക്രസിയാണ്, ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് പുതുതലമുറയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും പങ്കുവയ്ക്കുന്ന ഒരു പരിപാടിയായിരുന്നു. കടലാസ് രഹിത ഇ- വിധാന്‍ സഭ ഇതില്‍ പ്രതിപക്ഷവും ഭരണപക്ഷവും സഹകരിച്ചു. എന്നാല്‍, അവസാനം പൊളിക്റ്റിക്സ് വന്നപ്പോള്‍ അത് ചര്‍ച്ചയില്‍ ഒതുങ്ങി.

സോഷ്യല്‍ മീഡിയ വലിയ സ്വാധീനം ചെലുത്തുന്ന കാലഘട്ടമാണിത്, ഈ കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനം വെല്ലുവിളിയാണോ?

രാഷ്ട്രീയ പ്രവര്‍ത്തനം വെല്ലുവിളിയെന്ന രീതിയില്‍ കാണേണ്ട കാര്യമില്ല. യഥാര്‍ത്ഥത്തില്‍ പൊളിറ്റിക്സ് എന്നാല്‍, ‘ നത്തിംഗ് അതര്‍ദാന്‍ സോഷ്യല്‍ എഞ്ചിനിയറിംഗ്’. സോഷ്യല്‍ എഞ്ചിനിയറിംഗ് ആണത്. ഒരു സമൂഹത്തെക്കുറിച്ചുള്ള വൈദഗ്ധ്യപൂര്‍വ്വമുള്ള എഞ്ചിനിയറിംഗ് ആണ് രാഷ്ട്രീയം എന്നുപറയേണ്ടത്, അഥവാ കാണേണ്ടത്. അങ്ങനെ നോക്കുമ്പോള്‍ സമൂഹത്തിലെ എല്ലാ ഘടകങ്ങളെയും ഒരു എഞ്ചിയര്‍ അല്ലെങ്കില്‍ ആര്‍ക്കിടെക്റ്റ് രൂപകല്‍പ്പന ചെയ്യുമ്പോള്‍ സമഗ്രതയോടുകൂടി കാര്യങ്ങളെ കാണണം. എങ്കിലേ ഒരു രൂപകല്‍പന നടക്കുകയുള്ളു. അതാണ് ഒരു ടെക്നോക്രാറ്റും എഞ്ചിനിയറും തമ്മിലുള്ള വ്യത്യാസം. ടെക്നോളജി അറിയുന്ന ആര്‍ക്കും ടെക്നോക്രാറ്റ് ആവാം, എന്നാല്‍, ടെക്നോളജിയുടെ വൈദഗ്ധ്യം ഉപയോഗിച്ച് ഒരു പ്രശ്നത്തെ മറികടക്കാന്‍ കഴിയുന്നയാള്‍ക്കേ ഒരു എഞ്ചിനിയറാകാന്‍ കഴിയു. അങ്ങനെ ഒരു സോഷ്യല്‍ എഞ്ചിനിയറിംഗിന്റെ കാലത്തെ രാഷ്ട്രീയം എന്നു മനസിലാക്കുമ്പോള്‍ ആ സോഷ്യല്‍ എഞ്ചിനിയറിംഗില്‍ ഇതെങ്ങനെ ഉപയോഗിക്കാം. നവമാധ്യമങ്ങളുടെ പ്രത്യേകത അത് ഇന്ററാക്ടീവാണെന്നുള്ളതാണ്. നിലവിലുള്ള നമ്മളുടെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് അവര്‍ എന്ത് എഴുതിവിട്ടാലും അത് വായിക്കാന്‍ ആളുകള്‍ നിര്‍ബന്ധിതരാണ്.

എന്നാല്‍ പണ്ട് ആളുകള്‍ക്ക് ദേഷ്യം വന്നാല്‍ പത്രം കുത്തിക്കീറുക, റേഡിയോ അടിച്ചുപൊളിക്കുക എന്നതല്ലാതെ വേറെ വഴിയില്ല. ഇന്ന് എഴുതിയ ആളെ ചോദ്യം ചെയ്യാം. അതുകൊണ്ടുതന്നെ മാധ്യമങ്ങളുടെ എഴുത്തിലൂടെ അവര്‍ ഉദ്ദേശിക്കാത്ത ഒരു അര്‍ഥം അതിന് വന്നുവെന്ന് വരാം. അല്ലെങ്കില്‍ വരുത്താം. ഇന്റര്‍വന്‍ഷനിലൂടെ അത് മാറ്റി മറിക്കാം. അങ്ങനെയുള്ള ഒരു ഇടപെടല്‍ സാധ്യതയുള്ള പ്രതലമായിട്ട് മധ്യമരംഗം മാറിയെന്നതാണ് ഇതിന്റെ ഗുണം. ദോഷം എന്നാല്‍, ആര്‍ക്കും കയറിയിട്ട് എന്തും പറയാന്‍ കഴിയുന്ന പൂരപ്പറമ്പായി മാറിയെന്നുള്ളതാണ്. ഇതിനു രണ്ടിനും ഇടയിലുള്ള ഒരു വഴി കണ്ടെത്തണം. അത് കണ്ടെത്തുമ്പോള്‍ നവമാധ്യമങ്ങളുടെ ലോകം പുതിയ തരത്തില്‍ വരും. പിന്നീടുള്ള പ്രശ്നം ആള്‍ക്കൂട്ടങ്ങളുടെ സംഘടന ഉണ്ടാവും, നേതൃത്ത്വമില്ലാതെ ആളുകള്‍ വൈകാരികമായി തടിച്ചു കൂടപ്പെടും. ആരാണ് ഇവരെ നയിക്കുന്നതെന്ന് അറിയില്ല. ആള്‍ക്കൂട്ട മനശാസ്ത്രം വ്യത്യസ്തമാണ്. ഒരു സംഭവം ഉണ്ടായാല്‍ വാട്ട്സ്ആപ്പിലൂടെയോ സോഷ്യല്‍ മീഡിയ വഴിയോ ആളുകളെ സംഘടിപ്പിക്കാം. എന്നാല്‍, ആര് ലീഡ് ചെയ്യും. നേതൃത്വമില്ലാത്ത ആള്‍ക്കൂട്ടം എന്നത് അപ്പോള്‍ സംഭവിക്കാന്‍ ഇടവരും. രാഷ്ട്രീയക്കാരെ വെല്ലുവിളിച്ചുകൊണ്ട് ചില ആള്‍ക്കൂട്ടം രംഗത്ത് വരുന്നതിന് ഇത് സഹായകമാകും. എന്നാല്‍, ഇതിന് പോസിറ്റീവ് വശങ്ങളും ഉണ്ടായിട്ടുണ്ട്. യൂറോപ്പിലും സൗദി അറേബ്യയിലുമൊക്കെ നടന്ന മുന്നേറ്റങ്ങളില്‍ ആ ഒരു ഇടപെടലുകള്‍ കൊണ്ട് ഗുണമുണ്ടായിട്ടുണ്ട്. അപ്പോള്‍ നമ്മള്‍ മനസിലാക്കി പോകണമെന്നുള്ളതാണ്.

ഇഎംഎസിന്റെ മണ്ണില്‍ നിന്നാണ് അങ്ങ് വരുന്നത്. സഖാവുമായുള്ള അനുഭവം എന്താണ് ?

വളരെ ദൂരെ നിന്ന് മാത്രമേ സഖാവിനെ ഞാന്‍ കണ്ടിട്ടുള്ളു. അദ്ദേഹവും അദ്ദേഹത്തിന്റെ ഇല്ലവുമൊക്കെ വളരെ കൗതുകത്തോടെ മാത്രമാണ് ഞാന്‍ നോക്കിക്കണ്ടിട്ടുള്ളത്. മുത്തശ്ശി കഥകള്‍ കേള്‍ക്കുന്നതുപോലെ,.., ചേലാമല എന്നൊരു മലയുണ്ട്. മലയുടെ ഇപ്പുറത്തെ വശമാണ് ഞങ്ങളുടെ വീട്. ആ ചേലാമലയിലുണ്ടായിരുന്ന ഒരു തമ്പുരാനെക്കുറിച്ചും തമ്പുരാനെ പിടിക്കാന്‍ പോലീസ് വരുമ്പോള്‍ തൊഴിലാളികള്‍ക്കിടയില്‍ മറഞ്ഞു നില്‍ക്കുന്നതുമൊക്കെ, അദ്ദേഹം കറുത്തിട്ട് ആയിരുന്നതിനാല്‍ തൊഴിലാളികള്‍ക്കിടയില്‍ മറഞ്ഞു നിന്നാലും പോലീസിന് മനസിലാവില്ലായിരുന്നു. അങ്ങനെയുള്ള ധാരാളം കഥകള്‍ കേട്ടിട്ടുണ്ട്. ആ നാടിന്റെ മാത്രമല്ല, കേരള ചരിത്രത്തെ തന്നെ മാറ്റി മറിച്ചൊരു മഹാന്റെ കാലത്തും അദ്ദേഹത്തിന്റെ നാട്ടിലും ജീവിക്കാന്‍ കഴിഞ്ഞുവെന്നുള്ളതും അഭിമാനം എപ്പോഴും സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോള്‍ ഓര്‍മ്മിക്കുന്ന ഒരു കാര്യം 1921 ലെ മലബാര്‍ കലാപത്തെക്കുറിച്ച് വിവാദം നടക്കുണ്ട്, ചിലര്‍ ചോദിക്കുന്നു കലാപത്തെ തുടര്‍ന്ന് ഏലംകുളംമനയ്ക്ക് എന്ത് സംഭവിച്ചു, മലബാറിലെ തീവ്രവാദികള്‍ മന ആക്രമിച്ചില്ലേയെന്ന്… അത് വര്‍ഗീയവാദികള്‍ ആയിരുന്നില്ലേയെന്ന്… സ്വന്തം ഇല്ലത്തിന് ആക്രമണം ഏറ്റിട്ടുപോലും ഇഎംഎസ് അത് മറച്ചുവയ്ക്കുവല്ലേ ചെയ്തത് എന്ന് ദുര്‍വ്യാഖ്യാനം നടക്കുന്നുണ്ട്. അത് തെറ്റാണ്.

ഏലംകുളം മനയുടെ തൊട്ടടുത്താണ് തന്റെ വലിയച്ഛന്റെ വീട്. മനയ്ക്ക് സമീപം ഒരു തെങ്ങുണ്ട്. ആ തെങ്ങിന് മുന്നില്‍ ബ്രിട്ടീഷ് പട്ടാളം ഏലംകുളം മന ആക്രമിക്കുമോ എന്ന് ഭയപ്പെട്ടിട്ട് കാവല്‍ നിന്ന ഒരു മുസ്ലീം കാരണവര്‍ ഉണ്ട്. അദ്ദേഹത്തെ തെങ്ങില്‍ ചേര്‍ന്ന് നിര്‍ത്തി വെടിവെച്ച പാട് ഇപ്പോഴും ഉണ്ട്. അപ്പോള്‍ ആരാണ് വര്‍ഗീയവാദി? ആരാണ് മതമൗലികവാദിയെന്നൊക്കെ തീരുമാനിച്ചിരുന്നത് ബ്രിട്ടീഷ് പട്ടാളമായിരുന്നു. അത് ഈ പറയുന്നപോലെയായിരുന്നില്ല. അന്നത്തെ സാഹചര്യത്തില്‍ അസ്വസ്ഥിത വര്‍ഗം വല്ലാത്ത നിലയില്‍ ജാതിവിവേചനത്തില്‍പ്പെട്ടപ്പോള്‍ അംബേദ്ക്കര്‍ തന്നെ അവരോട് ബുദ്ധമതം സ്വീകരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. അത് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം ആയിരുന്നു. എന്നാല്‍, വര്‍ഗീയവാദികളെ നിര്‍ണയിക്കാനുള്ള അവകാശം ബ്രിട്ടീഷ് പട്ടാളത്തിനായിരുന്നു. ബ്രിട്ടീഷ് പട്ടാളം അവര്‍ക്ക് വെടിവച്ചുകൊല്ലണമെന്ന് തോന്നിയവരെയൊക്കെ വെടിവച്ചുകൊന്നു. അവരെയൊക്കെ വര്‍ഗീയവാദികളാക്കി. അത് പിന്നീട് വര്‍ഗീയ കലാപമായി. അതില്‍ ഒന്നും സത്യമില്ല, നാട് അത് അംഗീകരിക്കുന്നുമില്ല.

പണ്ട് ഏറ്റുവാങ്ങിയ കൊടിയ മര്‍ദ്ദനങ്ങളുടെ കെടുതികള്‍ ഇപ്പോഴും ശരീരത്തില്‍ അനുഭവിക്കേണ്ടി വരുമ്പോള്‍, കുടുംബത്തിന്റെ പ്രതികരണമൊക്കെ എങ്ങനെയാണ് ?

മര്‍ദ്ദനത്തില്‍പ്പെട്ടുപോയി, അത് ശരീരത്തില്‍ ചില അടയാളങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.

ആരോപണങ്ങളാണോ, അതോ, പൊലീസ് തല തല്ലിപ്പൊളിച്ചതാണോ, എന്താണ് ഏറ്റവും വലിയ വേദനയായി തോന്നുന്നത് ?

ആരോപണം എന്നു പറയുന്നത് മുന്‍പ് പറഞ്ഞതുപോലെ ദുര്‍വ്യാഖ്യാനങ്ങളായിരുന്നു. അത് വേദനയല്ല, വിഷമം പോലെയാണ് തോന്നിച്ചത്. അറിഞ്ഞുകൊണ്ട് പറയുന്ന കാര്യങ്ങള്‍ വീണ്ടും വീണ്ടും പറയുക, ഇങ്ങനെയാണോ രാഷ്ട്രീയത്തില്‍ ചെയ്യേണ്ടതുള്ള സംശയമുണ്ടായിരുന്നു? അല്ലാതെ വേദനിച്ചിട്ടില്ല. സമരത്തിലും അല്ലാതെയുമുള്ള മര്‍ദ്ദനങ്ങള്‍ക്ക് വേദനിക്കേണ്ട കാര്യമില്ലല്ലോ… ആ പ്രായത്തിന്റെ പ്രത്യേകത കൊണ്ടും അത് വേദനയായി തോന്നിയിട്ടില്ല.

അഭിമുഖം തയ്യാറാക്കിയത്
മനീഷ രാധാകൃഷ്ണൻ

 

Top