തുര്‍ക്‌മേനിസ്ഥാന്‍: ഏഷ്യന്‍ ഇന്‍ഡോര്‍ ആന്‍ഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ഗെയിംസില്‍ മലയാളി താരം പി.യു. ചിത്രയ്ക്ക് സ്വര്‍ണം.
വനിതകളുടെ 1500 മീറ്റര്‍ ഓട്ടത്തിലാണ് ചിത്ര ഒന്നാമതെത്തിയത്. 4:27.77 സെക്കന്‍ഡിലായിരുന്നു ഫിനിഷ്.
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പില്‍ തഴയപ്പെട്ടശേഷമുള്ള ചിത്രയുടെ ആദ്യ അന്താരാഷ്ട്ര ടൂര്‍ണമെന്റായിരുന്നു ഇത്.
ഈ മത്സരത്തില്‍ സ്വര്‍ണം നേടാനായത് ചിത്രയെ സംബന്ധിച്ചിടത്തോളം ഒരു മധുര പ്രതികാരം കൂടിയാണ്.
ലണ്ടനില്‍ നടന്ന ലോകമീറ്റില്‍ പങ്കെടുക്കാനുള്ള ടീമില്‍ നിന്ന് പി യു ചിത്രയെ നേരത്തെ ഒഴിവാക്കിയിരുന്നു. ഇതിന് ന്യായീകരണവുമായി പി ടി ഉഷ രംഗത്തെത്തുകയും ചെയ്തു.
ലോക നിലവാരമുള്ള പ്രകടനം നടത്തിയ താരങ്ങളെ മാത്രം തിരഞ്ഞെടുത്താല്‍ മതിയെന്നായിരുന്നു ന്യായീകരണം.
പി.ടി. ഉഷ, ഷൈനി വില്‍സണ്‍, രാധാകൃഷ്ണന്‍ നായര്‍ എന്നീ മലയാളികള്‍ ഉള്‍പ്പെടുന്ന ഏഴംഗ കമ്മിറ്റിയാണ് ചിത്രയെ മത്സരത്തിന് അയക്കേണ്ടെന്ന തീരുമാനിച്ചിരുന്നത്.
പ്രതിഭ തെളിയിച്ച കായിക താരമെന്ന നിലയില്‍ ലോകമീറ്റില്‍ മത്സരിക്കാമെന്നിരിക്കെയാണ് മലയാളി താരത്തെ മലയാളികളടങ്ങിയ സെലക്ഷന്‍ കമ്മിറ്റി വെട്ടി നിരത്തിയത്.
സീനിയര്‍ തലത്തിലെ രണ്ടാം അന്താരാഷ്ട്ര മത്സരത്തില്‍ തന്നെ സര്‍ണം നേടിയ ചിത്രയെ സാങ്കേതികതയുടെ പേരില്‍ ടീമില്‍ നിന്നൊഴിവാക്കിയത് നീതീകരിക്കാനാകില്ലെന്ന് വലിയ വിഭാഗം കായിക താരങ്ങളും പരിശീലകരും അഭിപ്രായപ്പെട്ടിരുന്നെങ്കിലും ‘അസൂയ’ തലക്ക് പിടിച്ച സെലക്ഷൻ കമ്മിറ്റി ആ വാദം തള്ളുകയായിരുന്നു.
എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള കായിക താരങ്ങള്‍ പങ്കെടുക്കുന്ന വമ്പന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ചിത്രക്ക് ലഭിച്ച സുവർണാവസരമാണ് ഇതോടെ ഇല്ലാതായത്.
കൂലിപ്പണിക്കാരായ ദമ്പതികളുടെ മകളായ ഈ പാവം പെണ്‍കുട്ടിയുടെ സ്വപ്നങ്ങള്‍ തകർത്തതില്‍ പി ടി ഉഷക്കെതിരെ കേരളത്തിന്റെ തെരുവുകളിലും പ്രതിഷേധം ഇരമ്പിയിരുന്നു. പി ടി ഉഷ റോഡ് ചിത്ര റോഡ് റോഡ് ആക്കി മാറ്റുന്ന സാഹചര്യം വരെ എറണാകുളത്ത് ഉണ്ടായി.
തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും വിവിധ രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവർ സംഭവത്തില്‍ ഇടപെടുകയും കേന്ദ്ര കായിക മന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഹൈക്കോടതിയിലും ചിത്രക്കെതിരെ നിഷേധാത്മകമായ നിലപാടാണ് സെലക്ഷൻ കമ്മിറ്റി സ്വീകരിച്ചത്.
ഇപ്പോള്‍ അന്താരാഷ്ട്രാ മത്സരത്തില്‍ തകർപ്പൻ പ്രകടനത്തോടെ ചിത്ര സ്വർണം നേടിയത് അവളുടെ ഭാവി തുലക്കാൻ ശ്രമിച്ച ‘പയ്യോളി എക്സപ്രസി’നും സംഘത്തിനുമേറ്റ കനത്ത തിരിച്ചടിയാണ്.
ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ ഭാവി വാഗ്ദാനമായി മാറിയിരിക്കുകയാണ് ഈ കറുത്ത മുത്തിപ്പോള്‍.
തന്നെ മത്സരത്തില്‍ നിന്നും വിലക്കിയ നടപടിക്കെതിരെ ഒറ്റക്കെട്ടായി പ്രതികരിച്ച കേരള മനസാക്ഷിയോടുള്ള നന്ദിപ്രകടനം കൂടി ആയിരുന്നു ചിത്രയെ സംബന്ധിച്ച് രാജ്യത്തിന് പുറത്ത് നടത്തിയ ഈ മെഡല്‍ വേട്ട.
ഏഷ്യന്‍ ഇന്‍ഡോര്‍ അത്‌ലറ്റിക്‌സില്‍ വിജയം കൈവരിച്ച മറ്റ് കായികതാരങ്ങള്‍
മലയാളി താരം വി.നീന വനിതകളുടെ ലോംഗ്ജമ്പില്‍ വെങ്കലം നേടി. 6.04 മീറ്ററാണ് നീന ചാടിയത്.
മീറ്റില്‍ ഇന്ത്യയ്ക്ക് ഇതുവരെ ഏഴ് മെഡലാണ് സ്വന്തമാക്കാനായത്. മൂന്ന് സ്വര്‍ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവുമുള്ള ഇന്ത്യ എട്ടാം സ്ഥാനത്താണ്. മൂന്ന് സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും ഉള്ള ഇന്ത്യ അത്‌ലറ്റിക്‌സില്‍ കസാഖ്‌സ്താന് പിറകില്‍ രണ്ടാമതാണ്. കസാഖ്‌സ്താന് അത്‌ലറ്റിക്‌സ് ആറ് സ്വര്‍ണമുണ്ട്.
പുരുഷന്മാരുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ ലക്ഷ്മണന്‍ ഗോവിന്ദനും വനിതകളുടെ പെന്റാത്തലണില്‍ പൂര്‍ണിമ ഹേംബ്രാമുമാണ് ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണം നേടിയ മറ്റ് താരങ്ങള്‍.
പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ തേജീന്ദര്‍ പാല്‍ സിങ് ടൂറും വനിതകളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ സഞ്ജീവനി ജാദവുമാണ് വെള്ളി നേടിയത്.
പുരുഷന്മാരുടെ 70 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ധര്‍മേന്ദര്‍ വെങ്കലം നേടി.സെമിയില്‍ തുര്‍ക്‌മേനിസ്ഥാന്റെ അന്നമൈറാഡോവിനോട് തോല്‍വി വഴങ്ങിയാണ് ധര്‍മേന്ദര്‍ വെങ്കലം സ്വന്തമാക്കിയത്.