അന്‍വര്‍ എംഎല്‍എയുടെ ‘കിളി പോയ’ ആരോപണം; നിയമസഭാ രേഖകളില്‍ നിന്ന് നീക്കി

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണം നിയമസഭാ രേഖകളില്‍ നിന്ന് നീക്കി. നിയമനിര്‍മ്മാണ ചര്‍ച്ചയ്ക്കിടെയാണ് അന്‍വന്‍ സതീശനെതിരെ ആരോപണമുന്നയിച്ചത്.

ഒരു എംഎല്‍എ മറ്റൊരു എംഎല്‍എക്കെതിരെ ആരോപണം ഉന്നയിക്കാന്‍ പാടില്ലെന്ന ചട്ടം അന്‍വന്‍ ലംഘിച്ചുവെന്ന് വ്യക്തമാക്കിയ സ്പീക്കര്‍ എം ബി രാജേഷ് മുന്‍കൂട്ടി എഴുതി നല്‍കാതെ ആരോപണം ഉന്നയിച്ചുവെന്നും വ്യക്തമാക്കി. അതിനാല്‍ ആരോപണവും അതിന് വി ഡി സതീശന്‍ നല്‍കിയ വിശദീകരണവും സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യുന്നതായി സ്പീക്കര്‍ വ്യക്തമാക്കി.

പറവൂര്‍ കേന്ദ്രീകരിച്ച് നടന്ന മണി ചെയിന്‍ തട്ടിപ്പില്‍ സതീശന് മുഖ്യ പങ്കെന്നായിരുന്നു സഭയ്ക്ക് അകത്തും പുറത്തും അന്‍വര്‍ ഉയര്‍ത്തിയ ആരോപണം. ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നെന്ന് പറഞ്ഞ സതീശന്‍ അന്‍വറിന് കിളി പോയെന്ന് പരിഹസിച്ചു. മണി ചെയിന്‍ ആരോപണം 32 കൊല്ലം മുന്‍പുള്ളതാണ്. അന്ന് താന്‍ പറവൂരില്ലെന്നും, തനിക്കതിരെ ആരോപണം ഉന്നയിക്കുന്നത് പ്രശസ്തി കിട്ടാനെന്നും സതീശന്‍ വിമര്‍ശിച്ചു.

പി വി അന്‍വര്‍ നിയമസഭയില്‍ നിന്ന് അനുമതിയില്ലാതെ അവധിയെടുത്തത് സതീശന്‍ ചോദ്യം ചെയ്തതോടെയാണ് വിവാദത്തിന് തുടക്കം. തന്റെ എല്ലാ സംരംഭങ്ങളും നിര്‍ത്തി രാഷ്ട്രീയത്തിന് മൂര്‍ച്ച കൂട്ടുമെന്നും അന്‍വര്‍ സഭയിലെത്തി പ്രതികരിച്ചു.

Top