പറയാൻ സൗകര്യമില്ല, ക്ഷോഭിച്ച് പി വി അൻവർ, ഇ ഡിയുടെ ചോദ്യം ചെയ്യൽ അവസാനിച്ചു

കൊച്ചി : കർണാടകയിലെ ബെൽത്തങ്ങാടിയിലെ ക്വാറിയുമായി ബന്ധപ്പെട്ട പണമിടപാടിൽ നിലമ്പൂർ എംഎൽഎ പി വി അൻവറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ക്വാറിയിൽ പങ്കാളിത്തം നൽകാമെന്ന് വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന മലപ്പുറം സ്വദേശിയായ പ്രവാസി എൻജിനീയർ സലിം നൽകിയ പരാതിയിലാണ് എംഎൽഎയ്ക്ക് എതിരായ അന്വേഷണം. കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ.

ചോദ്യം ചെയ്യലിന് ശേഷം പ്രതികരണം തേടിയെത്തിയ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ക്ഷോഭിച്ചാണ് പി വി അൻവർ പ്രതികരിച്ചത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് ഇ ഡി വിളിപ്പിച്ചെതെന്നായിരുന്നു എംഎൽഎയുടെ പരിഹാസം. മറുപടി പറയാൻ സൗകര്യമില്ലെന്നും എംഎൽഎ പറ‍ഞ്ഞു.

ക്വാറിയിൽ 10 ശതമാനം ഓഹരി പങ്കാളിത്തം നൽകാമെന്ന് വിശ്വസിപ്പിച്ച് 2012ൽ 50 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. പൊലീസും ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടർന്നാണ് സലിം ഇ ഡിക്ക് പരാതി നൽകിയത്. 10 ലക്ഷം രൂപ ബാങ്ക് മുഖേനയും 40 ലക്ഷം രൂപ നേരിട്ടും പി വി അൻവറിന് കൈമാറിയെന്നാണ് സലിം പറയുന്നത്.

Top