കൊച്ചി: ട്വന്റി20 ചീഫ് കോർഡിനേറ്റർ സാബു എം.ജേക്കബിനെ പരിഹസിച്ച് പി.വി.ശ്രീനിജൻ എംഎൽഎ. തൃക്കാക്കര തെരഞ്ഞെടുപ്പിൽ ട്വന്റി20 യോട് വോട്ട് തേടും മുന്നേ പി.വി.ശ്രീനിജൻ ഉൾപ്പെടെയുള്ളവർ മാപ്പു പറയണമെന്ന സാബുവിന്റെ പരാമർശത്തിനാണ് എംഎൽഎ ഫേസ്ബുക്കിലൂടെ മറുപടി നൽകിയത്. ആരുടെയെങ്കിലും കയ്യിൽ കുന്നംകുളം മാപ്പ് ഉണ്ടെങ്കിൽ തരണമെന്നാണ് സാമൂഹിക മാധ്യമം വഴിയുള്ള പരിഹാസം. കിറ്റെക്സിലെ പരിശോധനകൾ എന്തായി എന്നും എന്താണ് കണ്ടെത്തിയതെന്നും സർക്കാർ പരസ്യപ്പെടുത്തണമെന്ന് സാബു എം.ജേക്കബ് ആവശ്യപ്പെട്ടിരുന്നു. കിറ്റെക്സിലെ അക്രമങ്ങളുടെ പേരിൽ പി.വി.ശ്രീനിജൻ മാപ്പുപറയണമെന്നും സാബു ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് പി.വി.ശ്രീനിജൻ പരിഹാസവുമായി രംഗത്തെത്തിയത്.
ഇതാദ്യമായല്ല സാബു എം.ജേക്കബും പി.വി.ശ്രീനിജനും നേർക്കുനേർ വരുന്നത്. കിറ്റെക്സിലെ പരിശോധനകളെ ചൊല്ലി ഇരുവരും പലവട്ടം വാക്പോര് നടത്തിയിരുന്നു. പരിശോധനകൾക്ക് പിന്നിൽ കുന്നത്തുനാട് എംഎൽഎ ആണെന്നും ശ്രീനിജൻ ട്വന്റി20യെ തകർക്കാൻ ശ്രമിക്കുകയാണെന്നും സാബു പലകുറി ആവർത്തിച്ചു. ഈ ആരോപണങ്ങൾക്കെല്ലാം പി.വി.ശ്രീനിജൻ കുറിക്കുകൊള്ളുന്ന മറുപടിയും നൽകി. പലപ്പോഴും സിപിഎം പിന്തുണയും ശ്രീനിജന് ലഭിച്ചിരുന്നു. എന്നാൽ ഇക്കുറി തൃക്കാക്കര പിടിക്കാൻ കൈമെയ് മറന്ന് രംഗത്തുള്ള സിപിഎം, ട്വന്റി20യുടെ അടക്കം വോട്ടുറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. ഈ സാഹചര്യത്തിൽ പി.വി.ശ്രീനിജന്റെ പരിഹാസത്തോട് പാർട്ടി എന്ത് നിലപാട് എടുക്കും എന്നത് കാത്തിരുന്ന് കാണേണ്ടിവരും.