ന്യൂഡല്‍ഹി : മത ന്യൂനപക്ഷങ്ങളെ മാത്രമല്ല തങ്ങളുടെ ക്രിമിനല്‍ വാഴ്ചയ്ക്ക് എതിരു നില്‍ക്കുന്നവരാരേയും കൊന്നു തള്ളാന്‍ മടിയിലാത്ത കൊലപാതക സംഘങ്ങളായി സംഘ പരിവാരത്തിന്റെ ‘പശുപാലക’ സംഘങ്ങള്‍ മാറിയിരിക്കുന്നുവെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ്.
പശുവിന്റെ പേരു പറഞ്ഞ് മുസ്ലിങ്ങളെ പരസ്യമായി കൊലപ്പെടുത്താനും, കലാപങ്ങള്‍ അഴിച്ചു വിടാനും യു.പി ഭരണകൂടം തന്നെ ലൈസന്‍സ് നല്‍കിയിരിക്കുകയാണെന്നും റിയാസ് ഫേയ്‌സ് ബുക്കില്‍ കുറിച്ചു.
ഉത്തര്‍ പ്രദേശിലെ ബുലന്ദേശ്വറില്‍ പശുവിന്റെ ജഡം കണ്ടതിനെ തുടര്‍ന്നുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തിനിടെ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറിനെ പിന്തുടര്‍ന്നു വെടിവച്ചു കൊന്ന സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
“ചോരയുണങ്ങാതെ യോഗിയുടെ ഉത്തർപ്രദേശ്”
ഉത്തർ പ്രദേശിലെ ബുലന്ദേശ്വറിൽ ഗോ രക്ഷകരുടെ വേഷമണിഞ്ഞ സംഘപരിവാർ ക്രിമിനലുകൾ ഒരു പോലീസ് ഇൻസ്പെക്ടറെ വെടിവെച്ചു കൊന്നിട്ട് നാലു ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു.
ഒരു വനപ്രദേശത്ത് പശുവിന്റെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതിന്റെ പേരിൽ ഗോരക്ഷക സംഘം നടത്തിയ കലാപത്തിൽ ഒരു പോലീസ് സ്റ്റേഷനും നിരവധി വാഹനങ്ങളും കടകമ്പോളങ്ങളും ചുട്ടെരിക്കപ്പെട്ടു. കലാപം നിയന്ത്രിക്കാൻ ചെന്ന പോലീസ് ഉദ്യോഗസ്ഥനായ സുബോദ്കുമാർ സിംഗിനെ അക്രമികൾ പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചു വീഴിത്തി. കൊലപാതകത്തിന്റെയും കലാപത്തിന്റെയും പ്രവർത്തിച്ച ബജ്റംഗ്ദൾ നേതാവ് യോഗേഷ് രാജ് ഉൾപ്പെടെയുള്ള പ്രധാന പ്രതികളെയാരേയും അറസ്റ്റ് ചെയ്യാൻ യു.പി പോലീസിനായിട്ടില്ല. ഒവൈസിയെ നാടുകടത്താനും, ഹൈദ്രാബാദിന്റെ പേര് മാറ്റാനും തെലുങ്കാനയിൽ പോയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിരിച്ച് യു.പി യിൽ എത്തിയപ്പോൾ ആദ്യം പോലീസിനോട് ചോദിച്ചത്, പശുവിനെ കൊന്നവരെ പിടിച്ചോ എന്നാണ്. എന്നാൽ സംസ്ഥാന പോലീസ് മേധാവി ഒ.പി. സിംഗ് ഇന്നലെ പ്രസ്താവിച്ചത്, ബുലന്ദേശ്വറിലെ കലാപം കരുതിക്കൂട്ടി ആസൂത്രണം ചെയ്യപ്പെട്ടതാണ് എന്നാണ്. വനപ്രദേശത്ത് കണ്ടെത്തിയ പശുവിന്റെത് എന്നു കരുതപ്പെടുന്ന ശരീരാവശിഷ്ടങ്ങൾ അവിടെ എത്തപ്പെട്ടതിൽ ദുരൂഹതയുണ്ടെന്നും, മാംസാവശിഷ്ടങ്ങളുടെ പഴക്കം സംബന്ധിച്ച് ശാസ്ത്രീയ പരിശോധന വേണമെന്നുമാണ് പോലീസ് നിലപാട്.
കലാപത്തിനു നേതൃത്വം കൊടുത്തതിലും സുബോദ്കുമാറിനെ കൊലപ്പെടുത്തിയതിലും ഒന്നാം പ്രതിയെന്ന് പോലീസ് പറയുന്ന ബജ്റംഗ്ദൾ നേതാവ് യോഗേഷ് രാജ് തന്നെയാണ്, പശുവിന്റെ ശരീരാവശിഷ്ടങ്ങൾ കണ്ടുവെന്ന പേരിൽ ഗോഹത്യയ്ക്ക് പോലീസിൽ പരാതി നൽകിയത് എന്നത് നമ്മൾ ഓർമ്മിക്കണം. യോഗേഷിന്റെ പരാതിയിൽ കുറ്റാരോപിതരായിരിക്കുന്ന ആറു പേരിൽ രണ്ടു പേർ പതിനൊന്നും പന്ത്രണ്ടും വയസ് പ്രായമുള്ള മുസ്ലിം ബാലൻമാരാണ്. മറ്റൊരാളെ പത്ത് വർഷമായി ബുലന്ദേശ്വറിൽ കാണാറില്ല എന്ന് ഗ്രാമവാസികൾ പറയുന്നു. പരാതിയിൽ പറഞ്ഞ ബാക്കി മൂന്നു പേരുകാരായി ആരും ഗ്രാമത്തിൽ ജീവിക്കുന്നില്ല. കലാപം ആസൂത്രിതമാണ് എന്ന പോലീസ് ഭാഷ്യത്തിനു ഈ വസ്തുതകൾ ബലം പകരുന്നു. എന്നാൽ പശുവിനെ ‘കൊന്ന’വരെ പിടികൂടാൻ ധൃതി പിടിച്ചു നിൽക്കുന്ന മുഖ്യമന്ത്രി, സുബോദ് സിംഗിന്റെ ഘാതകരെ പിടികൂടാൻ താല്പര്യപ്പെടില്ലെന്നുറപ്പ്.
പശുവിന്റെ പേരു പറഞ്ഞ് മുസ്ലിങ്ങളെ പരസ്യമായി കൊലപ്പെടുത്താനും, കലാപങ്ങൾ അഴിച്ചു വിടാനും യു.പി ഭരണകൂടം തന്നെ ലൈസൻസ് നൽകിയ ഗോ രക്ഷകരുടെ ജോലി അവരേക്കാൾ നന്നായി ചെയ്യുവാൻ ചിലപ്പോൾ യു.പി പോലീസും മടിക്കാറില്ല എന്നത് ഈയവസരത്തിൽ നമ്മൾ മറന്നു കൂടാ. കഴിഞ്ഞ ജൂൺ മാസത്തിലാണ് ബരേയ്ലിയിലെ ഒരു മുസ്ലിം മാംസ കച്ചവടക്കാരനെ, പശുവിനെ കൊന്നു എന്നാരോപിച്ച് പോലീസ് മർദ്ദിച്ച് കൊലപ്പെടുത്തിയത്. പശുവിന്റെ പേരിൽ അരങ്ങേറിയ കൊലപാതക പരമ്പരകളിൽ, കലാപങ്ങളിൽ ഒന്നിൽ പോലും ഇരകൾക്ക് നീതി ലഭ്യമാക്കാനോ, കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടു വരാനോ തയ്യാറാകാത്ത പോലീസ് സേനയാണ് യോഗി ഭരിക്കുന്ന ഉത്തർപ്രദേശിലേത്. മത ന്യൂനപക്ഷങ്ങളെ മാത്രമല്ല, തങ്ങളുടെ ക്രിമിനൽ വാഴ്ചയ്ക്ക് എതിരു നിൽക്കുന്നവരാരേയും കൊന്നു തള്ളാൻ മടിയിലാത്ത കൊലപാതക സംഘങ്ങളായി സംഘ പരിവാരത്തിന്റെ ‘പശുപാലക’ സംഘങ്ങൾ മാറിയിരിക്കുന്നുവെന്ന് ബുലന്ദേശ്വർ വിളിച്ചു പറയുന്നുണ്ട്.
-പി.എ. മുഹമ്മദ് റിയാസ്-