padamaprabha award

കോഴിക്കോട്: ഈ വര്‍ഷത്തെ പത്മപ്രഭാ പുരസ്‌കാരത്തിന് മലയാള കവി വി. മധുസൂദനന്‍ നായര്‍ അര്‍ഹനായി. 75000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

നാവലിസ്റ്റ് സി.വി. ബാലകൃഷ്ണന്‍ അദ്ധ്യക്ഷനും കവി റഫീഖ് അഹമ്മദ്, നിരൂപക എസ്.ശാരദക്കുട്ടി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരത്തിന് മധുസൂദനന്‍നായരെ തിരഞ്ഞെടുത്തത്.

1949ല്‍ നെയ്യാറ്റിന്‍കരയില്‍ ജനിച്ച മധുസൂദനന്‍നായര്‍, മാധ്യമപ്രവര്‍ത്തനത്തിന്റെയും കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിഭാഷകവൃത്തിയുടേയും കാലത്തിന് ശേഷമാണ് കോളേജ് അധ്യാപനത്തിലേക്കെത്തുന്നത്.

തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് കോളേജില്‍ മലയാളവിഭാഗം തലവനായിരുന്നു അദ്ദേഹം.

നാറാണത്ത് ഭ്രാന്തന്‍, ഗാന്ധര്‍വ്വം, ഗാന്ധി, അച്ഛന്‍ പിറന്ന വീട് എന്നിവയാണ് പ്രധാന രചനകള്‍. 1992ലെ കവിതയ്ക്കുള്ള കേരളസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത് നാറാണത്ത് ഭ്രാന്തനായിരുന്നു.

2003ലെ ആശാന്‍ പുരസ്‌കാരം, 2015ലെ ജന്മാഷ്ടമി പുരസ്‌കാരം തുടങ്ങിയവ വി. മധുസൂദനന്‍ നായര്‍ക്ക് ലഭിച്ച അംഗീകാരങ്ങളില്‍ ചിലതാണ്.

മലയാണ്മയുടെ ലാളിത്യവും ഭാവദീപ്തിയും ഈ കവിയില്‍ സമന്വയിച്ചിരിക്കുന്നു, സമിതി നിരീക്ഷിച്ചു.

Top