paddy farming new prjocts introduced in agriculture department

കാസര്‍കോട്: സംസ്ഥാനത്ത് നെല്‍കൃഷി വ്യാപിപ്പിക്കാന്‍ കൃഷി വകുപ്പ് കരനെല്‍കൃഷി പദ്ധതിയും തരിശ്ശുഭൂമി മാപ്പിംഗും നടത്തും.

കരനെല്‍കൃഷി പ്രോത്സാഹിപ്പിക്കാന്‍ 10,000 രൂപ വരെ ഗുണഭോക്താവിന് ധനസഹായവും നല്‍കും.

സര്‍ക്കാറിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നെല്‍കൃഷിയുടെ വിസ്തൃതി വര്‍ദ്ധിപ്പിക്കാന്‍ കൃഷിഭവനുകള്‍ മുഖേന കരനെല്‍കൃഷി പദ്ധതിയാണ് നടപ്പിലാക്കുന്നത്.

സംസ്ഥാനത്ത് 2,560 ഹെക്ടര്‍ സ്ഥലത്ത് 256 ലക്ഷം രൂപ ചിലവില്‍ നെല്ലുല്‍പാദനം വര്‍ദ്ധിപ്പിക്കാനാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്.

ഒരു ഹെക്ടര്‍ സ്ഥലത്ത് കരനെല്‍കൃഷി ചെയ്യുന്നതിന് ഗുണഭോക്താവിന് 10,000 രൂപയുടെ സഹായം ബാങ്ക് അക്കൗണ്ട് വഴി നല്‍കും.

കര്‍ഷകര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍സര്‍ക്കാരിതര സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നെല്‍കൃഷി ചെയ്യുന്നതിന് ധനസഹായം ലഭിക്കും.

അത്യുല്‍പാദന ശേഷിയുള്ള നെല്‍വിത്തുകള്‍ ഉപയോഗിച്ച് പ്രാദേശികമായ ഭൂമിയുടെ സ്വഭാവത്തിന് അനുസരിച്ച് കൃഷി ചെയ്യുന്നതിന് സഹായം നല്‍കും.

പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് തലങ്ങളില്‍ ഈ മാസം തരിശ് നെല്‍വയല്‍ കണ്ടെത്തി മാപ്പിംഗും ഒറ്റവിളകൃഷി, ബഹുവിളകൃഷിയാക്കുന്നതിനുള്ള വിവര ശേഖരണവും നടത്തും. കാസര്‍കോട് ജില്ലയില്‍ 100 ഹെക്ടര്‍ സ്ഥലത്ത് കരനെല്‍കൃഷി പദ്ധതി നടപ്പിലാക്കും.

Top