‘നെല്‍വയല്‍ നികത്തുന്നത് ജാമ്യമില്ലാ കുറ്റം’, നിയമ ഭേദഗതിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: നെല്‍വയല്‍ നികത്തുന്നത് ജാമ്യമില്ലാ കുറ്റമാക്കി നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍.

അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് സൂചന.

നെല്‍വയല്‍ നികത്തുന്നത് ജാമ്യമില്ലാ കുറ്റമാക്കുന്നതിന് പുറമെ കൃഷി ചെയ്യാതെ വെറുതെയിട്ടിരിക്കുന്ന തരിശ് ഭൂമി ഏറ്റെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുന്ന വകുപ്പുകളും പുതിയ ഭേദഗതിയില്‍ ഉള്‍പ്പെടുത്തും. ഇതനുസരിച്ച് ഉടമയുടെ അനുമതിയില്ലാതെ തന്നെ പഞ്ചായത്തുകള്‍ക്ക് തരിശ് ഭൂമി ഏറ്റെടുത്ത് ഇവിടെ കൃഷിയിറക്കാം. ഒരു നിശ്ചിത തുക പാട്ടയിനത്തില്‍ ഉടമയ്ക്ക് കൊടുത്താല്‍ മതി.

2008-ന് മുമ്പ് നികത്തിയ നെല്‍വയല്‍ ക്രമപ്പെടുത്തുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തും. ഇത് സംബന്ധിച്ച വ്യവസ്ഥകളില്‍ മാറ്റം വരുത്തും. ഇത്തരം ഭൂമിയില്‍ വീട് വയ്ക്കുന്നതിനുള്ള തടസങ്ങള്‍ നീക്കും.

ഇത് കൂടാതെ മന്ത്രിസഭയുടെ അനുമതിയോടെ മാത്രമേ വ്യാവസായിക ആവശ്യങ്ങള്‍ക്കായി നെല്‍വയല്‍ വന്‍ തോതില്‍ നികത്താവൂ എന്നും കരട് നിയമഭേദഗതിയില്‍ പറയുന്നു.

Top