തിരുവനന്തപുരം: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന് വിരുദ്ധമായ നിയമചട്ടം സര്‍ക്കാര്‍ പുറത്തിറക്കി. നിലവിലെ നിയമം അട്ടിമറിക്കുന്ന രീതിയില്‍ പുതിയ നിര്‍വചനം വയലിന് നല്‍കിയാണ് 2008 ന് മുന്‍പുള്ള വയല്‍ നികത്തല്‍ ക്രമപ്പെടുത്താനായി ചട്ടം റവന്യൂ വകുപ്പ് തയ്യാറാക്കിയത.
നിയമപ്രകാരമുള്ള ഡാറ്റാ ബാങ്കില്ലാത്തതിനാല്‍ 2008-ന് ശേഷമുള്ള നിലം നികത്തലും അംഗീകരിക്കപ്പെടുമെന്ന ഗുരുതര ആരോപണമാണ് ഉയരുന്നത്.
വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ മുന്‍ സര്‍ക്കാര്‍ കൊണ്ടുവന്നതാണ് 2008 ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം. നിലവില്‍ വന്നത് 2008 ഓഗ്‌സ്ത് 12 ന് . നിയമത്തില്‍ വയലിനെ നിര്‍വചിക്കുന്നത് ഇങ്ങനെ :-
വര്‍ഷത്തിലൊരിക്കലെങ്കിലും നെല്‍കൃഷിയിറക്കുന്നത്, നെല്‍കൃഷിയോഗ്യമെങ്കിലും തരിശായിട്ടിരിക്കുന്നത്, വയലിനോട് അനുബന്ധിച്ചുള്ള ബണ്ട്, കുളം,തോട് തുടങ്ങിയവ എന്നാല്‍ നിയമത്തെ ആധാരമാക്കി കഴിഞ്ഞ നവംബര്‍ 28 ന് റവന്യൂ വകുപ്പ് പുറത്തിറക്കിയ ചട്ടത്തില്‍ എന്നാല്‍ വയലിന്റെ ഈ നിര്‍വചനം അട്ടിമറിക്കപ്പെട്ടിരിക്കുന്നു.
വില്ലേജ് രേഖകളില്‍ നിലമെന്ന് കാണുന്നതും എന്നാല്‍ ഡാറ്റാ ബാങ്കിലോ കരട് ഡാറ്റാ ബാങ്കിലോ ഉള്‍പ്പെടാത്തുതമായ സ്ഥലം. നിയമത്തിലെ നിര്‍വചനത്തില്‍ നിന്ന് പാടേ വ്യത്യസ്തമായ ചട്ടത്തിലെ നിര്‍വചനം നിലനില്‍ക്കില്ലെന്നാണ് നിയമവിദഗ്ധരുടെ പക്ഷം.
ധനകാര്യ ബില്ലിലൂടെ നെല്‍വയല്‍ നിയമത്തില്‍ ഭേദഗതി വരുത്തിയതിനെ തുടര്‍ന്നാണ് തീര്‍ത്തും നിയമവിരുദ്ധമായ ചട്ടം റവന്യൂ വകുപ്പ് തയ്യാറാക്കിയത് .2008 ഓഗസ്ത് 12 ന് മുന്‍പ് നികത്തിയ വയലുകള്‍ ന്യായവിലയുടെ 25 ശതമാനം ഫീസ് ഈടാക്കി ക്രമപ്പെടുത്താമെന്നതാണ് ഭേദഗതി. ഇതിന് അടിസ്ഥാനമാക്കേണ്ടതാകട്ടെ പ്രാദേശിക സമിതികള്‍ തയ്യാറാക്കിയ ഡാറ്റാ ബാങ്കും. 37 ശതമാനം തദ്ദേശ സ്ഥാപനങ്ങളെ ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിച്ചിട്ടുള്ളൂ.
ബാക്കിയുള്ളവ തയ്യാറാക്കിയെന്ന് അവകാശപ്പെട്ടെങ്കിലും അത് പ്രസിദ്ധീകരിച്ചിട്ടില്ല. പ്രസിദ്ധീകരിച്ചതും നിയമപരമല്ല. കാരണം ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തിള്ള ഭൂപടവുമായി ഒത്തു നോക്കി പ്രസിദ്ധികരിക്കണമെന്നാണ് നിയമത്തിലെ നിര്‍ദേശം . ഇതുവരെ ഭൂപടം വാങ്ങാനുള്ള പണം പോലും സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല.
2008ന് മുന്‍പ് നികത്തിയ വയലുകളുടെ പട്ടിക ആര്‍ഡിഒയ്ക്ക് പ്രാദേശിക സമിതികള്‍ നല്‍കണമെന്നാണ് നിയമത്തിലെ നിര്‍ദേശം. ഈ പട്ടികയുമായി ഒത്തു നോക്കണമെന്ന് ഇപ്പോഴത്തെ ചട്ടം നിര്‍ദേശിക്കുന്നില്ല. വില്ലേജ് ഓഫിസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കലക്ടറെയാണ് വയല്‍ നികത്തല്‍ ക്രമപ്പെടുത്താന്‍ ചുമതലപ്പെടുത്തുന്നത്.