paddy land-kerala-government

തിരുവനന്തപുരം: കുമരകത്തെ മെത്രാന്‍ കായല്‍, എറണാകുളം കടമക്കുടിയിലുള്ള ഭൂമി എന്നിവ നികത്താന്‍ നല്‍കിയ ഉത്തരവുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

ഉത്തരവ് പിന്‍വലിക്കണമെന്ന് റവന്യുമന്ത്രിയും മന്ത്രിസഭാ യോഗത്തില്‍ ആവശ്യപ്പെട്ടു.

മെത്രാന്‍ കായല്‍ നികത്താന്‍ അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ ദിവസം ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. അവിടെ ഇതുവരെ നികത്തല് ആരംഭിച്ചിട്ടില്ലെന്ന് കണ്ടെത്തിയ കോടതി തല്‍സ്ഥിതി തുടരണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

നിലം നികത്താനുള്ള ഉത്തരവിനോട് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഉത്തരവ് പിന്‍വലിക്കണമെന്ന് വിഎം സുധീരനും ആവശ്യപ്പെട്ടിരുന്നു.

ടൂറിസം പദ്ധതിക്ക് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവിനെതിരെ വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനു തൊട്ടുമുന്‍പ് മെത്രാന്‍ കായല്‍ നികത്താന്‍ റവന്യു വകുപ്പ് അനുമതി നല്‍കിയതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തിയത്. എന്നാല്‍ അനുമതി നല്‍കിയത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു.

Top