തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു പദ്ധതികളുടെ നടത്തിപ്പിന് ഭൂമി പരിവര്‍ത്തനം ചെയ്യുന്നതിന് 2008ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളില്‍ നിന്ന് ഒഴിവ് അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം വില്ലേജില്‍ ഗെയില്‍ എസ്.വി. സ്റ്റേഷന്‍, കോഴിക്കോട് ജില്ലയിലെ പുത്തൂര്‍ വില്ലേജില്‍ ഗെയില്‍ എസ്.വി. സ്റ്റേഷന്‍, മലപ്പുറം ജില്ലയിലെ കോഡൂര്‍ വില്ലേജില്‍ ഗെയില്‍ എസ്.വി. സ്റ്റേഷന്‍, എറണാകുളം ജില്ലയിലെ പുത്തന്‍കുരിശ് വില്ലേജില്‍ ബ്രഹ്മപുരത്ത് മാലിന്യത്തില്‍ നിന്ന് ഊര്‍ജം ഉല്‍പാദിപ്പിക്കുന്ന പദ്ധതി, തിരുവനന്തപുരം ജില്ലയിലെ ആറ്റിപ്ര വില്ലേജില്‍ ടെക്‌നോപാര്‍ക്ക് എന്നീ പദ്ധതികള്‍ക്കാണ് 2017ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ (ഭേദഗതി) ഓര്‍ഡിനന്‍സ് പത്താം വകുപ്പ് പ്രകാരം നെല്‍വയല്‍ തരം മാറ്റുന്നതിന് ഇളവ് നല്‍കുന്നത്.
ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ പ്രകാരം ഉചിതമായ ജലസംരക്ഷണ നടപടികള്‍ സ്വീകരിച്ചു കൊണ്ടാവണം ഭൂമി പരിവര്‍ത്തനം ചെയ്യേണ്ടത്. ഇളവ് അനുവദിക്കപ്പെടുന്ന ഭൂമിയുടെ വിസ്തീര്‍ണ്ണം 20.2 ആറില്‍ കൂടുതലാണെങ്കില്‍ അതിന്റെ 10 ശതമാനം ജലസംരക്ഷണത്തിന് നീക്കിവെക്കേണ്ടതാണ്.
സാമൂഹ്യനീതി വകുപ്പിന്റെ ‘സ്‌നേഹപൂര്‍വം’ പദ്ധതിയില്‍ സര്‍ക്കാര്‍ മേഖലയിലെ ഐ.ടി.ഐ, പോളിടെക്‌നിക് എന്നിവിടങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ കൂടി ഉള്‍പെടുത്താന്‍ തീരുമാനിച്ചു. വിവിധ സാഹചര്യങ്ങളാല്‍ ജീവിതം വഴിമുട്ടുന്ന കുട്ടികളെ സംരക്ഷിക്കുന്നതിനാണ് സ്‌നേഹപൂര്‍വം പദ്ധതി നടപ്പാക്കുന്നത്. ഇതനുസരിച്ച് കുട്ടികള്‍ക്ക് വിവിധ തോതില്‍ പ്രതിമാസ ധനസഹായം നല്‍കുന്നുണ്ട്. പോളിടെക്‌നിക്, ഐ.ടി.ഐ വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 750 രൂപ വീതം ലഭിക്കും.
ഹയര്‍ സെക്കന്ററി ഡയറക്ടര്‍ സൂധീര്‍ബാബുവിന് പ്രവേശനപരീക്ഷാ കമീഷണറുടെയും എസ്.സി-എസ്.ടി, വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണുവിന് ആര്‍ക്കൈവ്‌സ്, ആര്‍ക്കിയോളജി, മ്യൂസിയം എന്നീ വകുപ്പുകളുടെയുടെ അധിക ചുമതലകള്‍ നല്‍കാന്‍ തീരുമാനിച്ചു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്റ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡയറക്ടറായി മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ പി.ജി. തോമസിനെ ഒരു വര്‍ഷത്തേക്ക് നിയമിച്ചു.
തളിപ്പറമ്പ് താലൂക്കില്‍ മൊറാഴ വില്ലേജില്‍ കിന്‍ഫ്രക്ക് പാട്ടത്തിന് നല്‍കിയിരുന്ന 3.77 ഹെക്ടര്‍ ഭൂമി പാട്ടം റദ്ദാക്കി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിക്ക് 30 വര്‍ഷത്തേക്ക് പാട്ടത്തിനും പത്തനംതിട്ട ജില്ലയില്‍ തിരുവല്ല താലൂക്കില്‍ ട്രാവന്‍കൂര്‍ ഷൂഗേഴ്‌സില്‍ നിന്ന് ഏറ്റെടുത്ത 3.88 ഹെക്ടര്‍ ഭൂമി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളക്ക് ക്യാമ്പസ് സ്ഥാപിക്കുന്നതിന് പാട്ടത്തിനും നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.