പുരുഷ സമൂഹമേ ഈ യുവതിക്ക് മുമ്പില്‍ ലജ്ജിക്കുക…… ജീവനു വേണ്ടി കേഴുന്നൊരാളെ രക്ഷിക്കാന്‍ പറ്റാത്ത ജനങ്ങള്‍ പ്രബുദ്ധ കേരളത്തിനു തന്നെ നാണക്കേടായി മാറിയിരിക്കുന്നു. കൊച്ചി പത്മയിലെ ബഹുനില കെട്ടിടത്തില്‍ നിന്ന് റോഡിലേക്ക് വീണയാള്‍ ചോരവാർന്നൊലിച്ച് ജീവനുവേണ്ടി ഏറെനേരം പിടഞ്ഞപ്പോഴും ചുറ്റും കൂടിയവര്‍ അന്തം വിട്ട് നോക്കി നില്‍ക്കുകായിരുന്നു.
ഹൈക്കോടതി അഭിഭാഷകയായ രഞ്ജിനിയുടെ സമയോചിതമായ ഇടപ്പെടലാണ് മരണവെപ്രാളത്തില്‍ പിടയുന്ന തൃശൂര്‍ സ്വദേശിയെ ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചത്. പലരോടും സജിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ രഞ്ജിനി ആവശ്യപ്പെട്ടെങ്കിലും ഒരു ചെറു വിരല്‍ പോലും അനക്കാന്‍ ആരും തയാറായില്ല എന്നത് തന്നെ മനുഷ്യ മനസാക്ഷിക്ക് നിരക്കാത്തതാണ്.
അപകടം നടന്ന സ്ഥലത്ത് തന്നെ പാര്‍ക്ക് ചെയ്ത ജീപ്പും ഓട്ടോയുമുണ്ടായെങ്കിലും അവര്‍ ഒന്നും കണ്ട ഭാവം നടിച്ചില്ല. അഭിഭാഷക നിരന്തരം അഭ്യര്‍ത്ഥിച്ചതോടെ ചിലര്‍ ഒരു ഓട്ടോ തടഞ്ഞ് സജിയെ കയറ്റാന്‍ ശ്രമിച്ചു. ഓട്ടോയില്‍ കയറ്റിയെങ്കിലും പിന്നീട് താഴെയിറക്കി റോഡില്‍ തന്നെ കിടത്തി. ഇതോടെ ഓട്ടോറിക്ഷയും സ്ഥലം വിട്ടു.
സഹികെട്ട അഭിഭാഷക ഒരു കാര്‍ തടഞ്ഞു നിര്‍ത്തിയതുകൊണ്ടുമാത്രമാണ് അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലേക്ക് മാറ്റാനായത്. പരുക്കേറ്റ സജിയെ ആദ്യം ജനറല്‍ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സജിയുടെ നില ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം വൈകീട്ട് 6.45 നായിരുന്നു സംഭവം.
പത്മ തിയറ്ററിന് സമീപത്തെ ഒരു ലോഡ്ജില്‍ നിന്നും തൃശ്ശൂര്‍ സ്വദേശിയായ സജിയാണ് തല കറങ്ങി വീണ് ചോരവാര്‍ന്ന് റോഡില്‍ കിടന്നത്. നിരവധി ആളുകളും ഓട്ടോറിക്ഷകളും മറ്റ് വാഹനങ്ങളും സമീപത്തുണ്ടായിരുന്നെങ്കിലും സജിയുടെ ജീവന്‍ രക്ഷിക്കാന്‍ ആരും തയാറായില്ല.
ചിലര്‍ എത്തിനോക്കിയശേഷം പെട്ടെന്ന് സ്ഥലംവിട്ടു. ചിലര്‍ ഒന്നും സംഭവിക്കാത്തപോലെ നടന്നു നീങ്ങി. ബാക്കിയുള്ളവര്‍ വെറും കാഴ്ചക്കാരായി നിന്നു. ചോരയൊലിപ്പിച്ച് ഏറെ നേരം സജിക്ക് റോഡില്‍ കിടക്കേണ്ടിവന്നു.
അപകടം സംഭവിച്ചത് കണ്ടു നിന്ന ആളുകളുടെ അച്ഛനോ അമ്മയ്‌ക്കോ സുഹൃത്തുക്കള്‍ക്കോ ആയിരുന്നു അപകടം സംഭവിച്ചതെങ്കില്‍ അവര്‍ പ്രതികരിക്കില്ലേ..? ഇങ്ങനെ നോക്കി നില്‍ക്കുമായിരുന്നോ…? സംഭവത്തില്‍ ഊര്‍ജിതമായി ഇടപെട്ട യുവതിയുടെ മുന്നില്‍ പുരുഷ സമൂഹം മാത്രമല്ല കേരളവും തലകുനിക്കേണ്ടി വരുന്നു.
റിപ്പോര്‍ട്ട്: സുമി പ്രവീണ്‍