രാജ്യസഭാ സീറ്റ്; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും: കെപിസിസി

ഡല്‍ഹി: കേരളത്തില്‍നിന്ന് ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലേക്കു കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സുധാകരന്‍ ഇക്കാര്യം അറിയിച്ചത്.

കെപിസിസിയുടെ സാധ്യതാ പട്ടിക നാളെ ഹൈക്കമാന്‍ഡിനു കൈമാറും. നാളെത്തന്നെ പ്രഖ്യാപനം വരുമെന്നാണ് കരുതുന്നത്. സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിനു മാനദണ്ഡം തീരുമാനിച്ചിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റവരെ സ്ഥാനാര്‍ഥി ആക്കരുതെന്ന കെ മുരളീധരന്റെ അഭിപ്രായം ചൂണ്ടിക്കാട്ടിയപ്പോള്‍, മുരളിക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്നായിരുന്നു പ്രതികരണം. മുരളീധരന്‍ സോണിയാ ഗന്ധിക്കു കത്തുകൊടുത്തതില്‍ തെറ്റില്ല. കോണ്‍ഗ്രസില്‍ എല്ലാകാലത്തും എതിരഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് സുധാകരന്‍ പറഞ്ഞു.

പദ്മജ വേണുഗോപാല്‍, എം ലിജു എന്നിവരാണ് കേരളത്തില്‍നിന്നുള്ള പട്ടികയില്‍ ഉള്‍പ്പെടുക എന്നാണ് അറിയുന്നത്. ഹൈക്കമാന്‍ഡിന്റെ പരിഗണനയില്‍ ശ്രീനിവാസന്‍ കൃഷ്ണനും ഉണ്ട്. ഇവരില്‍ ഒരാളെയായിരിക്കും സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയെന്നാണ് സൂചനകള്‍.

 

Top