പത്മജയുടെ ബിജെപി പ്രവേശനം; വി.ഡി സതീശന്റെ ആരോപണം നിഷേധിച്ച് മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ

ത്മജ വേണുഗോപാലിന്റെ പാര്‍ട്ടി മാറ്റത്തില്‍ തനിക്ക് പങ്കുണ്ടെന്ന വി.ഡി സതീശന്റെ ആരോപണം നിഷേധിച്ച് മുന്‍ ഡിജിപിയും കൊച്ചി മെട്രോ എംഡിയുമായ ലോക്‌നാഥ് ബെഹ്‌റ. ആരോപണങ്ങള്‍ തെറ്റാണെന്ന് ബെഹ്‌റ പറഞ്ഞു. കൊച്ചിയിലുള്ള മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് പത്മജയുടെ ബിജെപി പ്രവേശനത്തില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതെന്നായിരുന്നു വി.ഡി സതീശന്റെ ആരോപണം.

ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. തനിക്ക് ഇക്കാര്യത്തില്‍ പങ്കില്ല. കൂടുതല്‍ ഒന്നും പറയാനില്ലെന്നും ലോക്‌നാഥ് ബെഹ്‌റ കൂട്ടിച്ചേര്‍ത്തു. പത്മജയുടെ ബിജെപി പ്രവേശനത്തിലെ ഇടനിലക്കാരന്‍ കേരളത്തില്‍ സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പദവിയില്‍ ഇരിക്കുന്ന മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനാണെന്നായിരുന്നു വി.ഡി സതീശന്റെ ആരോപണം. പിണറായി വിജയന് വേണ്ടിയാണ് പത്മജയെ ബിജെപിയില്‍ എത്തിച്ചത്. കേരളത്തില്‍ നിന്ന് ഒരു കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നതില്‍ ഏറ്റവും സന്തോഷം സിപിഐഎം നേതാക്കള്‍ക്കാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

സിപിഐഎമ്മും ബിജെപിയും തമ്മില്‍ അന്തര്‍ധാരയുണ്ട്. കേരളത്തില്‍ സിപിഐഎമ്മും ബിജെപിയും തമ്മിലാണ് മത്സരമെന്നും ബിജെപി രണ്ടാം സ്ഥാനത്ത് വരുമെന്നുമാണ് എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞത്. സിപിഎം മൂന്നാം സ്ഥാനത്ത് വരുമെന്നാണ് ജയരാജന്റെ പ്രസ്താവന കൊണ്ട് അര്‍ഥമാക്കുന്നത്. സംസ്ഥാനത്ത് ബിജെപിക്ക് ഇല്ലാത്ത സ്ഥാനം സിപിഐഎം ഉണ്ടാക്കി കൊടുക്കുകയാണെന്ന് വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

Top