തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ നടന്ന വാദത്തെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡിലുണ്ടായ പൊട്ടിത്തെറികള്‍ അവസാനിക്കുന്നില്ല. സുപ്രീംകോടതിയിലെടുത്ത നിലപാട് തന്നോട് ആലോചിക്കാതെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയോട് പരാതിപ്പെട്ട ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ ഇതാണ് സ്ഥിതിയെങ്കില്‍ സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം.
സുപ്രീംകോടതിയില്‍ പുനപരിശോധനാ ഹര്‍ജികളെ എതിര്‍ക്കാന്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നില്ല. എന്നിട്ടും കോടതിയില്‍ എതിര്‍ത്തു. ഈ വിഷയത്തില്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെര്‍മാന്‍ രാജഗോപാലന്‍ നായരുടെ നേതൃത്വത്തില്‍ ദേവസ്വം കമ്മീഷണര്‍ എന്‍.വാസുവും അംഗങ്ങളായ ശങ്കര്‍ദാസും വിജയകുമാറും ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തുന്നുവെന്നും എ.പത്മകുമാര്‍ പരാതിപ്പെട്ടു.രണ്ടാഴ്ചയിലധികമായി ദേവസ്വം കമ്മീഷ്ണര്‍ തന്നോട് വിവരങ്ങളൊന്നും പങ്കുവയ്ക്കുന്നില്ലെന്നും പത്മകുമാര്‍ കോടിയേരിയോട് പരാതിപ്പെട്ടു.
എന്നാല്‍ രാജി ഉടന്‍ ഉണ്ടായേക്കില്ല. പകരം അടിയന്തമായി ദേവസ്വം ബോര്‍ഡ് യോഗം വിളിച്ച് മറുപക്ഷത്തിന് എതിരെ നീങ്ങാനാണ് നീക്കം. കോടതിയിലെ നിലപാട് ആരുടെ അനുമതിയോടെ എന്നതിന് കമ്മീഷണറോട് വിശദീകരണം ചോദിക്കും എന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സുപ്രീം കോടതിയില്‍ യുവതീപ്രവേശം അനുവദിച്ച വിധിന്യായത്തെ എതിര്‍ക്കുന്നോ എന്ന ന്യായാധിപന്റെ ചോദ്യത്തിന് ഇല്ലെന്ന് മറുപടി പറഞ്ഞ് നിലപാട് വിശദീകരിക്കുക മാത്രമാണ് ചെയ്തതെന്നാണ് മറുപക്ഷത്തിന്റെ വാദം. ഈ നിലപാട് ഇന്നലെ എകെജി സെന്ററിലെത്തി രാജഗോപാലന്‍നായരും കമ്മീഷ്ണര്‍ വാസുവും കോടിയേരി ബാലകൃഷ്ണനോട് വിശദകീരിച്ചിരുന്നു.